യുഎഇയിൽ മഴയും മൂടൽമഞ്ഞും തിങ്കളാഴ്ച വരെ തുടർന്നേക്കും; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ കേന്ദ്രം

അതേസമയം രാജ്യത്തെ താപനില ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്.

യുഎഇയിൽ മഴയും മൂടൽമഞ്ഞും തിങ്കളാഴ്ച വരെ തുടർന്നേക്കും; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ കേന്ദ്രം
dot image

യുഎഇയിൽ തിങ്കളാഴ്ച വരെ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വീണ്ടും മഴ പെയ്യാൻ സാധ്യതയുണ്ട്. കിഴക്കൻ മേഖലകളിൽ നിന്നും രൂപപ്പെടുന്ന മഴമേഘങ്ങൾ പടിഞ്ഞാറൻ പ്രദേശങ്ങളിലേക്കും ഉൾനാടുകളിലേക്കും വ്യാപിക്കുന്നതിനാണ് സാധ്യത. പകൽ പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെങ്കിലും ഉച്ചയ്ക്ക് ശേഷം പലയിടങ്ങളിലും മേഘാവൃതമായ അന്തരീക്ഷവും മഴയും അനുഭവപ്പെടും.

മേഘ രൂപീകരണത്തെത്തുടർന്ന് രാജ്യത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റ് തീരദേശങ്ങളിൽ 40 കിലോമീറ്റർ വരെയും പർവത മേഖലകളിലും ഉൾപ്രദേശങ്ങളിലും 45 കിലോമീറ്റർ വരെയും ശക്തമായേക്കാം. ശക്തമായ കാറ്റിൽ പൊടിപടലങ്ങൾ ഉയർന്നുപൊങ്ങാൻ സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിലും പ്രധാന റോഡുകളിലും കാഴ്ചപരിധി ഗണ്യമായി കുറയാനിടയുണ്ട്. വാഹനം ഓടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

അതേസമയം രാജ്യത്തെ താപനില ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്. ഉൾനാടൻ പ്രദേശങ്ങളിൽ 37 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയും തീരദേശങ്ങളിൽ 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയും പർവത പ്രദേശങ്ങളിൽ 28 മുതൽ 33 ഡിഗ്രി വരെയും താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ട്. രാത്രിയിലും പുലർച്ചെയും അന്തരീക്ഷ ഈർപ്പം വർദ്ധിക്കുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞിനും നേരിയ മഞ്ഞിനും സാധ്യതയുണ്ട്.

വരുന്ന അഞ്ച് ദിവസത്തെ കാലാവസ്ഥ പ്രവചനമനുസരിച്ച് വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടും. ഞായറാഴ്ച വടക്കൻ, കിഴക്കൻ മേഖലകളിലും തിങ്കളാഴ്ച കിഴക്കൻ, തെക്കൻ പ്രദേശങ്ങളിലും മഴ സാധ്യത ശക്തമാണ്. വരും ദിവസങ്ങളിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണമെന്ന് നിർദ്ദേശമുണ്ട്.

Content Highlights: The UAE’s National Centre of Meteorology forecasts rain in several areas and possible fog or mist until Monday. Motorists are advised to remain cautious amid changing visibility and dusty winds.

dot image
To advertise here,contact us
dot image