

സൗദി അറേബ്യയിൽ രോഗികൾക്ക് ലഭ്യമാക്കുന്ന നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പരിധിയിൽ ഇനിമുതൽ വിവിധ ഹോം ഹെൽത്ത് കെയർ സേവനങ്ങളും ഉൾപ്പെടുമെന്ന് കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് വ്യക്തമാക്കി. ആശുപത്രി ഡിസ്ചാർജിന് ശേഷവും രോഗികൾക്ക് ആവശ്യമായ അത്യാവശ്യ വൈദ്യസഹായങ്ങൾ തടസ്സമില്ലാതെ സ്വന്തം വീടുകളിൽ വെച്ച് തന്നെ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ചികിത്സയും പരിചരണവും ആശുപത്രി വാസത്തിൽ മാത്രം ഒതുങ്ങേണ്ടതില്ലെന്നും സുഖം പ്രാപിക്കുന്ന ഘട്ടത്തിൽ അനുയോജ്യരായ രോഗികൾക്ക് വീടുകളിൽ വെച്ച് തന്നെ തുടർചികിത്സ നൽകാനാകുമെന്നും കൗൺസിൽ അറിയിച്ചു.
ശസ്ത്രക്രിയകൾക്ക് ശേഷമുള്ള ഡ്രസ്സിംഗും മുറിവുകളുടെ പരിചരണവും സിരകളിലൂടെയുള്ള മരുന്ന് വിതരണം, മൂത്രനാളിയിലെ കത്തീറ്റർ മാറ്റൽ തുടങ്ങിയ സുപ്രധാന പരിചരണങ്ങളാണ് ഇൻഷുറൻസ് പരിരക്ഷയോടെ വീടുകളിൽ ലഭ്യമാകുന്നത്. ഇത് രോഗികൾക്ക് അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കാനും സ്വന്തം കുടുംബത്തോടൊപ്പം സൗകര്യപ്രദമായി കെയർ ഉറപ്പാക്കാനും സഹായിക്കും. ഇതിന് പുറമെ, ആനുകൂല്യങ്ങൾ ആവശ്യമുള്ളവർക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി സൗദി ആരോഗ്യ മന്ത്രാലയം പ്രത്യേക ഇലക്ട്രോണിക് ആപ്ലിക്കേഷൻ അധിഷ്ഠിത സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്.
ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന രോഗികൾക്ക് തെറാപ്പി, പോഷകാഹാര പിന്തുണ, ശ്വസന സംബന്ധമായ കെയർ, മരുന്ന് ക്രമീകരണം എന്നിങ്ങനെ വിപുലമായ സേവനങ്ങളാണ് മന്ത്രാലയം ഹോം ഹെൽത്ത് കെയർ വഴി വാഗ്ദാനം ചെയ്യുന്നത്. ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നതിനോടൊപ്പം രോഗികളുടെ സുരക്ഷിതത്വവും മാനസിക ആശ്വാസവും ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്.
Content Highlights: Saudi Arabia’s mandatory health insurance covers eligible home healthcare services, including post-surgery wound care, intravenous medication and catheter care. Beneficiaries can apply electronically.