

തിരുവനന്തപുരം: മന്ത്രി കെ എം ഷാജിയുടെ ചട്ടവിരുദ്ധ പ്രാഗ് യാത്ര ആയുധമാക്കാന് നീക്കവുമായി എല്ഡിഎഫ്. എന്തിനാണ് പ്രാഗിലേക്ക് പോയതെന്ന് വ്യക്തമാക്കേണ്ട ബാധ്യത കെ എം ഷാജിക്കുണ്ടെന്ന് മുന് മന്ത്രി കെ എന് ബാലഗോപാല് പറഞ്ഞു. യാത്രയില് മുഖ്യമന്ത്രി വിശദീകരണം തേടുമെന്ന് പ്രതീക്ഷിക്കുന്നു. പുകമറ ഉണ്ടായ സാഹചര്യത്തില് മുഖ്യമന്ത്രി വ്യക്തത വരുത്തണം. ഭരണാധികാരികള് ജനങ്ങള്ക്ക് മാതൃകയായി മാറേണ്ടവരാണെന്നും കെ എന് ബാലഗോപാല് റിപ്പോര്ട്ടറിനോട് പറഞ്ഞു. കേന്ദ്രത്തിന്റെ അനുമതിയോടെ മാത്രമേ മന്ത്രിമാര്ക്ക് വിദേശ യാത്ര നടത്താനാകൂ. ഒരു സ്ഥലത്തേക്ക് മാത്രം അനുമതി ഇല്ലാതെ യാത്ര നടത്തുന്നതാണ് സംശയത്തിന് ഇടയാക്കുന്നത്. ആ സംശയം ഇല്ലാതാക്കാന് മന്ത്രി വ്യക്തത വരുത്തണമെന്നും മുന് മന്ത്രി വ്യക്തമാക്കി.
കെ എം ഷാജിയുടെ വിദേശയാത്രയില് പരിഹാസവുമായി ഡിവൈഎഫ്ഐയും രംഗത്തെത്തി. ഏറ്റവും കൂടുതല് രാജ്യങ്ങള് സന്ദര്ശിക്കുന്ന
മന്ത്രി എന്ന റെക്കോര്ഡ് നേടാനുള്ള ശ്രമത്തിലാണ് കെ എം ഷാജിയെന്ന് സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം പറഞ്ഞു. ആ റെക്കോഡ് നേടാനുള്ള ഓട്ടത്തിനിടയില് കേന്ദ്ര അനുമതി പോലും നേടാന് അദ്ദേഹം മറന്ന് പോകുന്നു. മന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ചിന്താ ജെറോം റിപ്പോര്ട്ടറിനോട് പറഞ്ഞു. ഷാജിയെ ഇപ്പോള് റേഞ്ച് റോവര് മന്ത്രി എന്നാണ് അറിയപ്പെടുന്നത്. യാത്രയില് അദ്ദേഹത്തിന് കൂടെ ഉള്ളവരുടെ ചരിത്രത്തെ സംബന്ധിച്ച വലിയ ആക്ഷേപങ്ങള് ഇതിനോടകം തന്നെ ഉയര്ന്ന് വന്നിട്ടുണ്ടെന്നും ചിന്ത ചൂണ്ടിക്കാട്ടി.
സര്ക്കാര് അനുമതിയില്ലാതെ ചെക്ക് റിപബ്ലിക്കില് യാത്ര നടത്തിയ മന്ത്രി കെ എം ഷാജി ഒന്നിലധികം ദിവസം അവിടെ ചെലവഴിച്ചെന്നാണ് സൂചന. സാമൂഹ്യ മാധ്യമ പോസ്റ്റുകളില് വ്യത്യസ്ത ദിവസങ്ങളില് എടുത്ത ഫോട്ടോകള് പോസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്റ്റംബര് 16 മുതല് 26 വരെയായിരുന്നു യൂറോപ്യന് രാജ്യങ്ങളിലേക്കുള്ള മന്ത്രിയുടെ യാത്ര. കേന്ദ്ര, സംസ്ഥാന സര്ക്കാരുകളുടെ അനുമതി ഇല്ലാതെയാണ് കെ എം ഷാജി പ്രാഗില് പോയത്. നാല് രാജ്യങ്ങളില് യാത്ര ചെയ്യാന് മാത്രമാണ് കെഎം ഷാജിക്ക് അനുമതി ലഭിച്ചിരുന്നത്. ഓസ്ട്രിയ, ബള്ഗേറിയ, സ്വിറ്റ്സര്ലന്റ്, യുഎഇ എന്നീ രാജ്യങ്ങളായിരുന്നു അത്.
കേന്ദ്ര സര്ക്കാരിന്റെ കൂടി അനുമതി തേടിയാലാണ് മന്ത്രിമാര്ക്ക് വിദേശ യാത്ര നടത്താനാകുക. മുഖ്യമന്ത്രി അനുമതി നല്കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പൊളിറ്റിക്കല് ക്ലിയറന്സിനുള്ള അനുമതി മന്ത്രിമാര് തേടേണ്ടത്. ഇതിലാണ് ചെക്ക് റിപബ്ലിക്കിലേക്കുള്ള പൊളിറ്റിക്കല് ക്ലിയറന്സിന് മന്ത്രി കേന്ദ്രത്തിന്റെ അനുമാതി തേടാതിരുന്നത്. ഇതിനോടകം വിദേശ യാത്ര നടത്തിയ ഒന്പത് മന്ത്രിമാരില് ഏറ്റവും അധികം കാലം വിദേശത്ത് ഉണ്ടായിരുന്നതും തദ്ദേശ വകുപ്പ് മന്ത്രിയായ കെ എം ഷാജിയാണ്. രണ്ട് ഉത്തരവുകളാണ് കെ എം ഷാജിയുടെ വിദേശ യാത്ര സംബന്ധിച്ച് സംസ്ഥാന സര്ക്കാര് പുറത്തിറക്കിയത്. ബള്ഗേറിയയിലെ വേള്ഡ് മലയാളി കൗണ്സിലിന്റെ പത്താം വാര്ഷികത്തില് പങ്കെടുക്കാനായിരുന്നു ആദ്യ ഉത്തരവ്. അതിന് ശേഷം പുറത്തിറക്കിയ ഉത്തരവിലാണ് ചെക്ക് റിപബ്ലിക്ക് ഒഴികെയുള്ള രാജ്യങ്ങളിലെ യാത്രയെ സംബന്ധിച്ച വിവരങ്ങളുള്ളത്.
Content Highlights: The LDF is seeking to raise questions over Minister KM Shaji’s reported Prague visit, with former minister KN Balagopal saying the minister must explain the purpose of the trip. Balagopal said the Chief Minister should seek clarification and stressed that ministers must obtain central approval for foreign travel. He added that the minister should address the doubts surrounding the visit.