ഷാര്‍ജയില്‍ വാടക നിരക്കുകള്‍ ഉയരുന്നു; മുന്നില്‍ അല്‍ മംസാറും അല്‍ നബ്ബയും

വസ്തുവിന്റെ തരം, കിടപ്പുമുറികളുടെ എണ്ണം, സ്ഥലം എന്നിവ അനുസരിച്ച് വാടക നിരക്കില്‍ വലിയ വ്യത്യാസമുണ്ട്

ഷാര്‍ജയില്‍ വാടക നിരക്കുകള്‍ ഉയരുന്നു; മുന്നില്‍ അല്‍ മംസാറും അല്‍ നബ്ബയും
dot image

ഷാര്‍ജയിലെ താമസ മേഖലകളില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും വില്ലകള്‍ക്കും ആവശ്യക്കാര്‍ ഏറിയതോടെ റിയല്‍ എസ്‌റ്റേറ്റ് വാടക വിപണിയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് പോര്‍ട്ടലായ ബയൂത്ത്( Bayut) പുറത്തുവിട്ട ഏറ്റലും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ 15 അപ്പാര്‍ട്ട്‌മെന്റ് മേഖലകളിലും പ്രമുഖ വില്ല കേന്ദ്രങ്ങളിലും ശരാശരി വാടക നിരക്കുകളില്‍ ഉയര്‍ന്ന പ്രവണതയാണ് കാണുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അപ്പാര്‍ട്ട്മെന്റ് വാടകയ്ക്കായി ഏറ്റവും കൂടുതല്‍ തിരയപ്പെട്ടത് മുവൈലിഹ് കൊമേഴ്സ്യല്‍ ആണ്. ഇവിടെ ശരാശരി വാര്‍ഷിക വാടക കഴിഞ്ഞ വര്‍ഷത്തെ 37,709 ദിര്‍ഹത്തില്‍ നിന്ന് 8.2 ശതമാനം ഉയര്‍ന്ന് 40,800 ദിര്‍ഹമായി. രണ്ടാം സ്ഥാനത്തുള്ള അല്‍ മജാസ് മേഖലയില്‍ ശരാശരി വാടക 3.3 ശതമാനം ഉയര്‍ന്ന് 53,471 ദിര്‍ഹമായി. മൂന്നാം സ്ഥാനത്തുള്ള അല്‍ നഹ്ദ (ഷാര്‍ജ)യില്‍ 2.7 ശതമാനം വര്‍ധിച്ച് 46,896 ദിര്‍ഹമായി. അല്‍ താവുന്‍, അല്‍ ഖാന്‍, അല്‍ ഖാസിമിയ, അല്‍ജദ, അല്‍ സഹിയ എന്നിവയും അപ്പാര്‍ട്ട്മെന്റ് വാടകയ്ക്കായി കൂടുതല്‍ തിരയപ്പെട്ട മേഖലകളില്‍ ഉള്‍പ്പെടുന്നു. അല്‍ താവുണില്‍ ശരാശരി വാടക 5.3 ശതമാനം ഉയര്‍ന്ന് 49,600 ദിര്‍ഹമായി. അല്‍ ഖാനില്‍ 3.6 ശതമാനം വര്‍ധിച്ച് 58,925 ദിര്‍ഹമായി. അല്‍ സഹിയയില്‍ വാടക 7 ശതമാനം ഉയര്‍ന്ന് 55,799 ദിര്‍ഹമായി. പ്രധാന അപ്പാര്‍ട്ട്മെന്റ് മേഖലകളില്‍ അല്‍ മംസാറിലും അല്‍ നബ്ബയിലും 12.5 ശതമാനം വീതം വാടക വര്‍ധിച്ചു. എന്നാല്‍ ഇരു മേഖലകളിലെയും ശരാശരി വാടകയില്‍ വലിയ വ്യത്യാസമുണ്ട്. അല്‍ മംസാറില്‍ ശരാശരി വാര്‍ഷിക വാടക 68,198 ദിര്‍ഹവും അല്‍ നബ്ബയില്‍ 26,535 ദിര്‍ഹവുമാണ്. അല്‍ മഹത്തയില്‍ വാടക 12.4 ശതമാനം ഉയര്‍ന്ന് ശരാശരി വാര്‍ഷിക വാടക 35,948 ദിര്‍ഹമായി. ഷാര്‍ജയിലെ വിവിധ മേഖലകളില്‍ വാടക വര്‍ധന ഒരേ രീതിയിലാണെങ്കിലും വാടക നിരക്കുകളില്‍ വലിയ വ്യത്യാസമുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

വില്ല വാടകയ്ക്കായി ഏറ്റവും കൂടുതല്‍ തിരയപ്പെട്ടത് ടിലാല്‍ സിറ്റിയാണ്. ഇവിടെ ശരാശരി വാര്‍ഷിക വാടക 13.2 ശതമാനം ഉയര്‍ന്ന് 225,515 ദിര്‍ഹമായി. രണ്ടാം സ്ഥാനത്തുള്ള ഹോഷിയില്‍ ശരാശരി വാടക 159,935 ദിര്‍ഹവും മൂന്നാം സ്ഥാനത്തുള്ള അല്‍ റഹ്‌മാനിയയില്‍ 142,983 ദിര്‍ഹവുമാണ്. അല്‍ ഖാദിസിയ, അല്‍ ജസാത്ത്, അല്‍ ഘാഫിയ, അല്‍ സബ്ഖ, ബറാഷി, അല്‍ അസ്‌റ, അല്‍ സുയൂഹ് എന്നിവയും വില്ല വാടകയ്ക്ക് ആളുകള്‍ കൂടുതല്‍ തിരയപ്പെട്ട മേഖലകളില്‍ ഉള്‍പ്പെടുന്നു. വില്ല മേഖലകളില്‍ വാടക വര്‍ധന ഏറ്റവും ശക്തമായത് അല്‍ മന്‍സൂറയിലാണ്. ഇവിടെ ശരാശരി വാടക 30.6 ശതമാനം ഉയര്‍ന്ന് 114,284 ദിര്‍ഹമായി. അല്‍ ഖാദിസിയയില്‍ 19.1 ശതമാനം വര്‍ധിച്ച് 69,521 ദിര്‍ഹമായി. അല്‍ സബ്ഖയില്‍ 14.5 ശതമാനം ഉയര്‍ന്ന് 81,423 ദിര്‍ഹമായി. അല്‍ നോഫിലും അല്‍ നഖീലാത്തിലും വാടക 14.2 ശതമാനം വീതം വര്‍ധിച്ചു.

വാടക നിരക്കുകളിലെ വര്‍ധനയ്‌ക്കൊപ്പം ഷാര്‍ജയിലെ റിയല്‍ എസ്റ്റേറ്റ് വിപണിയിലും സജീവത തുടരുകയാണ്. ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, 2026ന്റെ ആദ്യ പകുതിയില്‍ ഏകദേശം 29.5 ബില്യണ്‍ ദിര്‍ഹത്തിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടന്നു. 2025ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 9.3 ശതമാനമാണ് വര്‍ധന. ഇടപാടുകളുടെ എണ്ണത്തിലും 23.7 ശതമാനം വര്‍ധന രേഖപ്പെടുത്തി. അല്‍ മജാസ്, അല്‍ നഹ്ദ, അല്‍ തഅവുന്‍ തുടങ്ങിയ പഴയ റെസിഡന്‍ഷ്യല്‍ മേഖലകള്‍ക്ക് ഇപ്പോഴും ശക്തമായ ആവശ്യകത തുടരുകയാണ്. അതേസമയം, അല്‍ജദ, അല്‍ സഹിയ തുടങ്ങിയ പുതിയ റെസിഡന്‍ഷ്യല്‍ പദ്ധതികളിലേക്കും ആവശ്യക്കാര്‍ വര്‍ധിക്കുന്നുണ്ട്. വില്ല വിഭാഗത്തില്‍ ടിലാല്‍ സിറ്റി, ഹോഷി, അല്‍ റഹ്‌മാനിയ എന്നിവയാണ് ഏറ്റവും കൂടുതല്‍ തിരയപ്പെടുന്ന മേഖലകള്‍. വലിയ വീടുകള്‍ തേടുന്നവര്‍ക്ക് അനുയോജ്യമായ മറ്റ് നിരവധി മേഖലകളും വിപണിയിലുണ്ട്. 2026 ഓഗസ്റ്റില്‍ ഷാര്‍ജയിലെ ശരാശരി വാടക നിരക്ക് ചതുരശ്ര അടിക്ക് 41.4 ദിര്‍ഹമായിരുന്നു. കഴിഞ്ഞ 12 മാസത്തെ അപേക്ഷിച്ച് ഇത് 1.8 ശതമാനം വര്‍ധനയാണ്. എന്നാല്‍ വസ്തുവിന്റെ തരം, കിടപ്പുമുറികളുടെ എണ്ണം, സ്ഥലം എന്നിവ അനുസരിച്ച് വാടക നിരക്കില്‍ വലിയ വ്യത്യാസമുണ്ട്. അതിനാല്‍ വാടകക്കാരെ സംബന്ധിച്ച് പൊതുവായ വാടക വര്‍ധന മാത്രം നോക്കാതെ ഓരോ മേഖലയിലെയും നിരക്കുകള്‍ താരതമ്യം ചെയ്യുന്നത് പ്രധാനമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Content Highlights: Sharjah’s rental market recorded broad growth in 2026, with Al Mamzar and Al Nabba among the areas seeing the strongest 12.5% increase in average asking rents.

dot image
To advertise here,contact us
dot image