

ഓണം കഴിഞ്ഞിട്ടും ഓണത്തിന്റെ ആഘോഷമിപ്പോഴും ഷാര്‍ജയില്‍ അരങ്ങ് വാണുകൊണ്ടിരിക്കുകയാണ്. യുഎഇയിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നായ റെമിറ്റ്‌ലി ഓണമാമാങ്കം സീസണ്‍ 5 (Remitly Onamamangam Season 5) ഷാര്‍ജയിലെ എക്‌സ്‌പോ സെന്ററില്‍ നടന്നു. ഇക്വിറ്റി പ്ലസ് ഇവന്റ്സാണ് പരിപാടി സംഘടിപ്പിച്ചത്. സിനിമാ താരം കുഞ്ചാക്കോ ബോബന്‍, പ്രശസ്ത ഗായിക ശ്വേത മോഹന്‍, റാപ്പര്‍ വേടന്‍ അടക്കമുള്ളവർ പരിപാടിയിൽ സാന്നിധ്യമായി.
പ്രശസ്ത വയലിനിസ്റ്റ് ശബരീഷ് പ്രഭാകറിനൊപ്പം ചെണ്ടയും വയലിനും സമന്വയിപ്പിച്ച ഫ്യൂഷന്‍ പരിപാടിയില്‍ കുഞ്ചാക്കോ ബോബന്‍ പങ്കെടുത്തു. കേരളത്തിന്റെ തനത് ചെണ്ട മേളത്തിന്റെ താളവും വയലിന്റെ ശാസ്ത്രീയ മികവും ചേര്‍ന്നപ്പോള്‍ സദസിന് വേറിട്ട അനുഭവമായി. കുഞ്ചാക്കോ ബോബന്റെ സാന്നിധ്യം പരിപാടിയുടെ ആവേശം കൂടുതല്‍ ഉയര്‍ത്തി. പ്രശസ്ത ഗായിക ശ്വേത മോഹനും ബെനറ്റ് ദി ബാന്‍ഡും (Bennett and the Band) ചേര്‍ന്ന് അവതരിപ്പിച്ച സംഗീതപരിപാടിയും ശ്രദ്ധേയമായി. ഹാസ്യതാരം സുധീര്‍ പറവൂര്‍ തന്റെ ജനപ്രിയ കെ7 മാമന്‍ കഥാപാത്രവുമായി വേദിയിലെത്തി. ഹാസ്യവും വിനോദവും നിറച്ച പ്രത്യേക ലൈവ് പ്രകടനം ആഘോഷത്തിന് കൂടുതല്‍ രസകരമായ അന്തരീക്ഷം സൃഷ്ടിച്ചു. സമാപന പരിപാടിയായി റാപ്പര്‍ വേടന്റെ വ്യത്യസ്തമായ സംഗീതപരിപാടിയും അരങ്ങേറി.
ഏകദേശം 8000 പേര്‍ക്ക് സദ്യവിളമ്പിയത് പരിപാടിയുടെ മറ്റൊരു ആകര്‍ഷണമായി. ആയിരക്കണക്കിന് മലയാളികള്‍ പങ്കെടുത്ത പരിപാടിയില്‍ ഓണസദ്യയ്‌ക്കൊപ്പം സംഗീതം, നൃത്തം, പരമ്പരാഗത മത്സരങ്ങള്‍, കലാപരിപാടികള്‍, സിനിമാ-സംഗീത താരങ്ങളുടെ പ്രകടനങ്ങള്‍ എന്നിവയും ചേര്‍ന്നതോടെ എക്‌സ്‌പോ സെന്റര്‍ ഷാര്‍ജ കേരളത്തിന്റെ ഓണപ്പെരുമ വിളിച്ചോതുന്ന വേദിയായി മാറി. മലയാളി സമൂഹത്തിലെ വിവിധ തലമുറകളെ ഒരുമിപ്പിച്ച പരിപാടി, പാരമ്പര്യ ഓണാഘോഷവും ആധുനിക വിനോദപരിപാടികളും സമന്വയിപ്പിച്ചുകൊണ്ട് ആഘോഷത്തിന് പുതിയ മാനം നല്‍കി.
Content Highlight: Remitly Onamamangam Season 5 brought grand Onam celebrations to Sharjah with traditional festivities, cultural performances, music and celebrity appearances.