

യുഎഇയിൽ വീണ്ടും കനത്ത ചൂട് തുടരുന്നു. ഇന്ന് അൽ ദഫ്ര മേഖലയിലെ ബദ ദഫാസിൽ 50 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് അഞ്ചിനാണ് യുഎഇയിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 51.2 ഡിഗ്രി സെൽഷ്യസായിരുന്നു അന്നത്തെ താപനില. അതിന് തൊട്ടടുത്താണ് ഇന്ന് ചൂട് രേഖപ്പെടുത്തിയത്.
ഓഗസ്റ്റ് 24ന് വേനൽച്ചൂട് കുറയുന്നതിന്റെ അടയാളമായി കണക്കാക്കപ്പെടുന്ന 'സുഹൈൽ' നക്ഷത്രം യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ദൃശ്യമായിരുന്നു. എന്നാൽ, നക്ഷത്രം ഉദിച്ച ഉടൻ തന്നെ ചൂട് പെട്ടെന്ന് കുറയില്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. വരുന്ന ദിവസങ്ങളിൽ താപനിലയിൽ ക്രമേണ കുറവുണ്ടാകുമെങ്കിലും അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് ഉയരുന്നത് കൂടുതൽ അസ്വസ്ഥതയും ഉഷ്ണവും അനുഭവപ്പെടാൻ കാരണമാകും.
തുടർച്ചയായി ഉയർന്ന താപനില രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സുരക്ഷാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ദാഹം തോന്നിയില്ലെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കുക, ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക, അയഞ്ഞതും ലഘുവായതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക എന്നിവ പ്രധാനമാണ്. വെയിലത്തുള്ള കഠിനമായ അധ്വാനങ്ങൾ കുറയ്ക്കാനും വേനൽക്കാലത്ത് ടയർ പ്രഷർ ഉൾപ്പെടെയുള്ള വാഹന പരിശോധനകൾ കൃത്യമായി നടത്താനും അധികൃതർ നിർദ്ദേശിക്കുന്നു.
Content Highlights: The UAE is experiencing another period of extreme heat, with Al Dhafra recording temperatures around 50°C. Authorities have urged residents to take precautions during the ongoing hot weather conditions.