ഭക്ഷണം കുറച്ചിട്ടും ശരീരഭാരം കുറയുന്നില്ലേ? എന്നാൽ ഈ 4 കാര്യങ്ങൾ കൂടി ഒന്ന് ശ്രദ്ധിച്ചു നോക്കൂ

ശരീരത്തിന്റെ ഭാരം കൂടുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മറ്റ് ചില കാര്യങ്ങള്‍ കൂടി ശരീരഭാരം കൂടുന്നതിന് കാരണമാകാറുണ്ട്

ഭക്ഷണം കുറച്ചിട്ടും ശരീരഭാരം കുറയുന്നില്ലേ? എന്നാൽ ഈ 4 കാര്യങ്ങൾ കൂടി ഒന്ന് ശ്രദ്ധിച്ചു നോക്കൂ
dot image

ഭക്ഷണത്തിന്റെ അളവ് കുറച്ചാല്‍ ഭാരം കുറയും എന്നതാണ് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന പലരും വിശ്വസിക്കുന്ന കാര്യം. അതുകൊണ്ടുതന്നെ ഭാരം കൂടുമ്പോള്‍ എല്ലാവരും ആദ്യം കുറ്റപ്പെടുത്തുന്നത് ഭക്ഷണത്തെയാണ്. ചോറ് കൂടുതലായി കഴിച്ചിട്ടാകും? മധുരം കഴിച്ചതുകൊണ്ടായിരിക്കും? രാത്രി ഭക്ഷണം വൈകിയിട്ടാകും? എന്നിങ്ങനെ സ്വയം കാരണങ്ങള്‍ കണ്ടെത്തുകയും ചെയ്യും. എന്നാല്‍ ശരീരഭാരം കൂടുന്നത് കഴിക്കുന്ന ഭക്ഷണത്തിന്റെ മാത്രം കുറ്റമല്ല. ഭക്ഷണത്തോടൊപ്പം ശരീരത്തിലെ ജലനില, ഉറക്കത്തിന്റെ ഗുണനിലവാരം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം പരസ്പരം കൂടിച്ചേര്‍ന്നാണ് ശരീരഭാരത്തെയും മെറ്റബോളിസത്തെയും സ്വാധീനിക്കുന്നത്.

 reasons for weight gain

എന്താണ് കഴിക്കുന്നതെന്നതും പ്രധാനം

ശരീരത്തിന് ആവശ്യമായതിനെക്കാള്‍ കൂടുതല്‍ കലോറി സ്ഥിരമായി ലഭിച്ചാല്‍ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനും ഭാരം കൂടാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് കലോറി കൂടുതലുള്ള പ്രോസസ്ഡ് ഭക്ഷണങ്ങള്‍ പതിവാകുമ്പോള്‍ ഇത് എളുപ്പത്തില്‍ സംഭവിക്കാം. എന്നാല്‍ 'കുറച്ച് കഴിക്കുക' എന്നത് മാത്രം ഭാരം നിയന്ത്രിക്കാനുള്ള പരിഹാരമല്ല.
ഒരു ദിവസത്തെ ഭക്ഷണത്തില്‍ എത്ര കലോറി ഉണ്ടെന്നതിനൊപ്പം ഭക്ഷണത്തിന്റെ ഗുണനിലവാരവും അളവും സമയവും പ്രധാനമാണ്. പ്രോട്ടീന്‍, ഫൈബര്‍, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് കൂടുതല്‍ നേരം വയര്‍ നിറഞ്ഞതായി തോന്നാന്‍ സഹായിക്കും. അതായത് തൂക്കം കൂടുമ്പോള്‍ ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുന്നതിന് പകരം എന്താണ് കഴിക്കുന്നത്, എത്രയാണ് കഴിക്കുന്നത് എന്നതാണ് ആദ്യം പരിശോധിക്കേണ്ടത്.

 reasons for weight gain

ദാഹത്തെ വിശപ്പായി തെറ്റിദ്ധരിക്കരുത്

ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തതും ദൈനംദിന ആരോഗ്യത്തെ ബാധിക്കാം. ചിലപ്പോള്‍ ദാഹം വിശപ്പായി തോന്നുകയും ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്ന സാഹചര്യത്തിലേക്ക് നയിക്കുകയും ചെയ്യാം. ശരീരത്തിലെ ജലാംശത്തിന്റെ അളവില്‍ വരുന്ന മാറ്റങ്ങള്‍ തൂക്കത്തിലും താല്‍ക്കാലിക വ്യത്യാസം ഉണ്ടാക്കാം. അതുകൊണ്ട് ഭാരം അല്‍പം കൂടിയെന്ന് കണ്ട ഉടന്‍ 'കൊഴുപ്പ് കൂടി' എന്ന് കരുതേണ്ടതില്ല. ദിവസം മുഴുവന്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടോ എന്നതും ശ്രദ്ധിക്കണം. ദാഹം തോന്നിയതിന് ശേഷം മാത്രം വെള്ളം കുടിക്കുന്ന ശീലം മാറ്റി ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നല്ലതാണ്.

ഉറക്കം. തൂക്കക്കുറവിന്റെ പിന്നിലെ മറഞ്ഞിരിക്കുന്ന ഘടകം

ഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഭക്ഷണത്തിനും വ്യായാമത്തിനും നല്‍കുന്ന പ്രാധാന്യം ഉറക്കത്തിന് പലപ്പോഴും ലഭിക്കാറില്ല. എന്നാല്‍ ഉറക്കക്കുറവ് വിശപ്പിനെയും ഭക്ഷണത്തോടുള്ള താല്‍പര്യത്തെയും ബാധിക്കാം. ഉറക്കം ശരിയാകാത്ത ദിവസങ്ങളില്‍ മധുരവും കൂടുതല്‍ കലോറിയുള്ള ഭക്ഷണങ്ങളും കഴിക്കാനുള്ള ആഗ്രഹം വര്‍ധിക്കാം.

രാത്രി വൈകി ഉറങ്ങുക, സ്ഥിരമായ ഉറക്കസമയം ഇല്ലാതിരിക്കുക, ഉറക്കത്തിന്റെ ഗുണനിലവാരം കുറയുക എന്നിവ ദൈനംദിന ഊര്‍ജത്തെയും ശാരീരിക പ്രവര്‍ത്തനങ്ങളെയും ബാധിക്കും. അതിനാല്‍ 'ഡയറ്റ് ചെയ്യുന്നുണ്ട് എന്നിട്ടും ഭാരം കുറയുന്നില്ല' എന്ന പരാതിയുള്ളവര്‍ തങ്ങളുടെ ഉറക്കം കൂടി പരിശോധിക്കണം.

 reasons for weight gain

ജിമ്മില്‍ പോകുന്നത് മാത്രം വ്യായാമമല്ല

ശാരീരിക പ്രവര്‍ത്തനം എന്നു പറയുമ്പോള്‍ ജിമ്മില്‍ മണിക്കൂറുകളോളം വ്യായാമം ചെയ്യുന്നതാണെന്നാണ് പലരുടെയും വിചാരം. എന്നാല്‍ ശരീരത്തെ സജീവമായി നിലനിര്‍ത്തുന്നതിന് ദൈനംദിന ജീവിത്തിലെ ചെറിയ ചലനങ്ങള്‍ക്കും പ്രാധാന്യമുണ്ട്. ദിവസം മുഴുവന്‍ ഇരുന്ന് ജോലി ചെയ്യുക, ചെറിയ ദൂരങ്ങള്‍ പോലും വാഹനത്തില്‍ പോകുക, വീട്ടിലെത്തിയ ശേഷം വീണ്ടും മണിക്കൂറുകളോളം ഇരിക്കുക ഇത്തരത്തിലുള്ള ജീവിതശൈലി ശരീരത്തിന്റെ ആകെ പ്രവര്‍ത്തനനില കുറയ്ക്കാം. അതുകൊണ്ട് നടത്തം, പടികള്‍ കയറുക, വീട്ടുജോലികള്‍ ചെയ്യുക, ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുക തുടങ്ങിയ ചെറിയ ചലനങ്ങള്‍ പോലും ദൈനംദിന ശാരീരിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി കരുതേണ്ടതാണ്.

 reasons for weight gain

ഭാരം കൂടുമ്പോള്‍ ആദ്യം എന്താണ് പരിശോധിക്കേണ്ടത്?

തൂക്കത്തില്‍ ചെറിയ മാറ്റം വന്നാല്‍ ഉടന്‍ ഭക്ഷണം വെട്ടിക്കുറയ്ക്കുകയോ കര്‍ശനമായ ഡയറ്റ് ആരംഭിക്കുകയോ ചെയ്യേണ്ടതില്ല. പകരം നാല് കാര്യങ്ങള്‍ സ്വയം ചോദിക്കാം

  • ഞാന്‍ കഴിക്കുന്ന ഭക്ഷണം പോഷകസമൃദ്ധമാണോ?
  • ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടോ?
  • എനിക്ക് മതിയായ ഉറക്കം ലഭിക്കുന്നുണ്ടോ?
  • ദിവസം മുഴുവന്‍ ശരീരം സജീവമാണോ?

ഈ നാല് കാര്യങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ടുതന്നെ ശരീരഭാരം നിയന്ത്രിക്കുന്നതിനെ 'കുറച്ച് കഴിക്കുക' എന്ന ഒറ്റ നിയമത്തിലേക്ക് ചുരുക്കുന്നത് ശരിയല്ല.

( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. വൈദ്യോപദേശത്തിന് പകരമാവില്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :Body weight and metabolism are influenced by the interplay of diet, hydration levels, sleep quality, and physical activity.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image