ഓണമിങ്ങെത്തി... ഉത്രാടപ്പാച്ചിലില്‍ പ്രവാസി മലയാളികളും

സ്വന്തം നാട്ടില്‍ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ എത്തുന്ന പ്രവാസി മലയാളികളുടെ തിരക്ക് വിമാനത്താവളങ്ങളിലും കാണാന്‍ സാധിക്കും

ഓണമിങ്ങെത്തി... ഉത്രാടപ്പാച്ചിലില്‍ പ്രവാസി മലയാളികളും
dot image

ഐശ്വര്യത്തിന്റെയും സമ്പദ് സമൃദ്ധിയുടെയും ആഘോഷമായി ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഇന്ന് ഒന്നാം ഓണമായ ഉത്രാടം ആഘോഷിക്കുകയാണ്. തിരുവോണത്തിന് മുന്നോടിയായുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ക്കായി മലയാളികള്‍ ഉത്രാടപ്പാച്ചിലിലാണ്. ഗള്‍ഫ് മലയാളികളും പതിവ് തെറ്റിച്ചിട്ടില്ല. ഗള്‍ഫ് രാജ്യങ്ങളിലെ കടകളിലും ഹോട്ടലുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഓണത്തിന്റെ ആഘോഷത്തിരക്കാണ്.

ഒമാന്‍ സുല്‍ത്താനേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷ പരിപാടികള്‍ സജീവമാവുകയാണ്. ബെംഗളൂരുവില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഒമാനിലെ മാര്‍ക്കറ്റുകളില്‍ എത്തിയ വിവിധ വര്‍ണങ്ങളിലുള്ള പൂക്കള്‍ വാങ്ങാന്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രവാസി മലയാളി കുടുംബങ്ങള്‍ ഓണക്കോടിയും സദ്യവട്ടത്തിന്റെ സാധനങ്ങള്‍ വാങ്ങാനുമുള്ള തിരക്കിലാണ്. ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് വിഭാഗങ്ങളും പ്രാദേശിക പ്രവാസി കൂട്ടായ്മകളും ബിസിനസ് സ്ഥാപനങ്ങളും വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. തിരുവാതിരക്കളി, ചെണ്ടമേളം, ഗാനമേളകള്‍ എന്നിങ്ങനെയുള്ള വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഒരേസമയം ഇലയിട്ട് വിളബുന്ന വന്‍ ഓണസദ്യകളാണ് പല സംഘടനകളും ബുക്ക് ചെയ്തിരിക്കുന്നത്.

യുഎഇയിലെ പ്രവാസി മലയാളി കൂട്ടായ്മകളും വിവിധ പ്രവാസി സംഘടനകളും ഉത്രാട ദിനത്തില്‍ പ്രത്യേക സാംസ്‌കാരിക പരിപാടികളും ഓണസദ്യകളും സംഘടിപ്പിച്ചു. പല പ്രമുഖ റെസ്റ്റോറന്റുകളിലും ഓണസദ്യ പാഴ്‌സല്‍ ആയി നല്‍കുന്നതിന് മുന്‍കൂട്ടി ബുക്കിങ് സൗകര്യങ്ങളും ആരംഭിച്ചു. സ്വന്തം നാട്ടില്‍ കുടുംബത്തോടൊപ്പം ഓണമാഘോഷിക്കാന്‍ എത്തുന്ന പ്രവാസി മലയാളികളുടെ തിരക്ക് വിമാനത്താവളങ്ങളിലും കാണാന്‍ സാധിക്കും.

Content Highlight: Malayali expatriates across the Gulf are joining the Uthradam rush, preparing for Onam celebrations with festive shopping, traditional food, and community events.

dot image
To advertise here,contact us
dot image