

ചെന്നൈ: കാഞ്ചീപുരം ജില്ലയിലെ പരന്തൂരിൽ നിർദ്ദേശിച്ചിരുന്ന ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതി തമിഴ്നാട് സർക്കാർ ഔദ്യോഗികമായി ഉപേക്ഷിച്ചു. പരിസ്ഥിതി-ഉപജീവന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിജയ് സർക്കാരിന്റെ നടപടിയുണ്ടായത്. ഇതിന് ചെന്നൈ നഗരത്തിന് സമീപം മറ്റൊരിടത്ത് പുതിയ വിമാനത്താവളം സ്ഥാപിക്കാനാണ് വിജയ് നേതൃത്വം നൽകുന്ന സർക്കാർ ലക്ഷ്യമിടുന്നതെന്നും വ്യവസായ നയരേഖയില്‍ സർക്കാർ വ്യക്തമാക്കുന്നു.
വിദഗ്ധരുടെ സഹായത്തോടെ പുതിയ സ്ഥലങ്ങൾ കണ്ടെത്തിയ ശേഷം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) സാധ്യതാ പഠനം നടത്തും. ഇതിനുശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. ചെന്നൈയിലും സമീപ ജില്ലകളിലുമായി വർധിച്ചുവരുന്ന യാത്രക്കാരുടെയും കാർഗോ നീക്കങ്ങളുടെയും ആവശ്യകത മുൻനിർത്തിയാണ് പുതിയ വിമാനത്താവളം ആസൂത്രണം ചെയ്യുന്നത്.
നിയമസഭയിൽ ചട്ടം 110 പ്രകാരമാണ് പരന്തൂർ പദ്ധതി ഉപേക്ഷിക്കുന്നതായും പകരം സ്ഥലം കണ്ടെത്തുമെന്നും മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചത്. പരിസ്ഥിതി പ്രശ്നങ്ങൾ, കാർഷിക ഭൂമിയുടെ നഷ്ടം, പ്രദേശവാസികളുടെ ഉപജീവന മാർഗ്ഗങ്ങൾ ഇല്ലാതാകൽ എന്നിവ പരിഗണിച്ചാണ് ഈ തീരുമാനം. വികസനം ജനങ്ങളുടെ ജീവിതത്തെ ബാധിച്ചുകൊണ്ടാകരുത് എന്നും കാർഷിക-വാസസ്ഥലങ്ങൾക്ക് ഏറ്റവും കുറഞ്ഞ ആഘാതം മാത്രം ഉണ്ടാക്കുന്ന അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരന്തൂരിലും സമീപത്തെ 12 ഗ്രാമങ്ങളിലുമായി സമരം ചെയ്ത ജനങ്ങളോടൊപ്പം താൻ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ മീനമ്പാക്കം ചെന്നൈ വിമാനത്താവളത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് പുതിയ പാസഞ്ചർ ഹാൻഡ്‌ലിംഗ് സംവിധാനം സ്ഥാപിക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പദ്ധതിയിട്ടിട്ടുണ്ട്. ഇതിനായി സംസ്ഥാന സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും വ്യവസായ നയരേഖയിൽ ചൂണ്ടിക്കാട്ടുന്നു.
പരന്തൂർ പദ്ധതി റദ്ദാക്കിയ സർക്കാരിന്റെ നടപടിയെ പ്രതിപക്ഷ പാർട്ടികളായ ഡിഎംകെയും ബിജെപിയും രൂക്ഷമായി വിമർശിച്ചു. പദ്ധതി ഉപേക്ഷിച്ചത് തമിഴ്‌നാടിന്റെ വളർച്ചയ്ക്ക് നികത്താനാവാത്ത തിരിച്ചടിയാണെന്ന് ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ പ്രതികരിച്ചു. കാഞ്ചീപുരം പരന്തൂരിലെ ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് 2025 ഏപ്രിലിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം തത്വത്തിൽ അനുമതി നൽകിയിരുന്നു.
Content Highlights: Tamil Nadu Chief Minister C. Joseph Vijay has announced that the proposed ₹27,000-crore greenfield airport at Parandur in Kancheepuram will not go ahead. The government will identify an alternative location for Chennai's second airport, aiming to minimise the impact on farmland and residential areas. Meanwhile, expansion of the existing Chennai airport, including a fifth terminal, is also planned