

യുഎഇയിലെ ഉന്നതവിദ്യാഭ്യാസ, സാങ്കേതിക പരിശീലന സ്ഥാപനങ്ങൾക്ക് പുതിയ റിവ്യൂ ഫീസ് ഘടന പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രാലയം. സ്ഥാപനങ്ങൾക്കും അക്കാദമിക് പ്രോഗ്രാമുകൾക്കുമുള്ള ലൈസൻസിംഗ്, അക്രഡിറ്റേഷൻ, അവയുടെ പുതുക്കൽ എന്നിവയ്ക്കുള്ള നിരക്കുകളാണ് മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്. യുഎഇയിലെ വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം ഉറപ്പാക്കാൻ പുതിയ തീരുമാനം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
യുഎഇയിലെ ഉന്നതവിദ്യാഭ്യാസ, വൊക്കേഷണൽ പരിശീലന സ്ഥാപനങ്ങളുടെ അക്രഡിറ്റേഷൻ നടപടികൾ കൂടുതൽ സുതാര്യമാക്കാൻ ലക്ഷ്യമിട്ടാണ് ഉന്നതവിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. ലൈസൻസിംഗ്, പ്രോഗ്രാം അക്രഡിറ്റേഷൻ, റിന്യൂവൽ പ്രക്രിയകൾ എന്നിവയ്ക്കുള്ള തുക വ്യക്തമായി നിർവ്വചിക്കുന്നതിലൂടെ സ്ഥാപനങ്ങൾക്ക് അവരുടെ സാമ്പത്തിക-ഭരണപരമായ ആസൂത്രണം കൂടുതൽ കൃത്യമായി നടത്താൻ സാധിക്കും.
അന്താരാഷ്ട്ര തലം മുതൽ പ്രാദേശിക തലം വരെയുള്ള സ്പെഷ്യലൈസ്ഡ് വിദഗ്ദ്ധരുടെയും എക്സ്റ്റേണൽ അസസ്സർമാരുടെയും സേവനച്ചെലവ് ഉൾപ്പെടുത്തിയാണ് പുതിയ ഫീസ് ഘടന. ഓരോ കോഴ്‌സുകളുടെയും സാങ്കേതികവും സംഘാടനപരവുമായ വ്യത്യാസങ്ങൾ കണക്കിലെടുത്തായിരിക്കും ഈ റിവ്യൂ പ്രക്രിയകൾ.
ഈ തുക പുതിയതായി രൂപീകരിച്ച 'റിവ്യൂ ഫണ്ട് ഫോർ ഹയർ എഡ്യൂക്കേഷൻ ആൻഡ് വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിലേക്ക്' മാറ്റും. ക്യാബിനറ്റ് അംഗീകാരത്തോടെ നിലവിൽ വന്ന ഈ ഫണ്ട്, ആഗോള വിദഗ്ദ്ധരെ ഉൾപ്പെടുത്തി ഗുണനിലവാരമുള്ള വിലയിരുത്തലുകൾ നടത്തുന്നതിനും ലൈസൻസിംഗ് സംവിധാനത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമായി ഉപയോഗിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Content Highlights: The UAE has announced new review fees for higher education institutions as part of its efforts to ensure quality and strengthen standards in the education sector. The new fee structure will apply to institutional review processes.