

പ്രതിസന്ധികളെ അതിജീവിക്കുന്ന യുഎഇയുടെ കരുത്തിനും പുരോഗതിക്കും കാരണക്കാരനായ രാജ്യത്തിന്റെ പ്രസിഡന്റിന് ആദരമേകി കൂറ്റൻ പൂക്കളമൊരുക്കി യുഎഇയിലെ ആരോഗ്യപ്രവർത്തകർ. 20 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ 250 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് പൂക്കളം ഒരുങ്ങിയത്. ആയിരത്തിലേറെ ആരോഗ്യപ്രവർത്തകർ പൂക്കള നിർമ്മാണത്തിന്റെ ഭാഗമായി.
അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ (ബിഎംസി) ഒരുക്കിയ ഈ മനോഹര പൂക്കളത്തിൽ നെഞ്ചിൽ കൈവച്ച് അഭിവാദ്യം ചെയ്യുന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ചിത്രമാണ് മുഖ്യ ആകർഷണം. 35 രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരുടെ കൂട്ടായ്മയിലാണ് ഈ ഡിജിറ്റൽ യുഗത്തിലെ വേറിട്ട ഓണാഘോഷക്കാഴ്ച പൂർത്തിയായത്.
"യുഎഇ ശക്തവും കരുത്തുറ്റതുമാണ്, പ്രതിസന്ധികളെ അതിജീവിച്ച് രാജ്യം കൂടുതൽ കരുത്തോടെ ഉയർന്നുവരും" എന്ന യുഎഇ പ്രസിഡന്റിന്റെ വാക്കുകളിൽ നിന്നാണ് ഈ ഭീമൻ പൂക്കളത്തിന്റെ ആശയം ഉടലെടുത്തത്. ബിഎംസിയിലെ മലയാളി നഴ്‌സുമാരുടെയും അഡ്മിൻ ജീവനക്കാരുടെയും നേതൃത്വത്തിൽ രൂപീകരിച്ച ആശയം പൂർണ്ണതയിലെത്തിക്കാൻ ജീവനക്കാർ മണിക്കൂറുകളോളം ഒന്നിച്ച് പ്രയത്നിക്കുകയായിരുന്നു.
രാജ്യത്തിന്റെ വികസന ചരിത്രവും പൂക്കളത്തിൽ അതിമനോഹരമായി പ്രതിഫലിപ്പിച്ചു. പരമ്പരാഗത ഒട്ടകയാത്രയിൽ തുടങ്ങി ആധുനിക ഇത്തിഹാദ് റെയിലിൽ എത്തിനിൽക്കുന്ന യുഎഇയുടെ വികസനക്കുതിപ്പാണ് പൂക്കളത്തിലുടനീളം കാണാൻ സാധിക്കുന്നത്. ബിഎംസിയുടെ നടുമുറ്റത്തുള്ള സാൻഡ് പെൻഡുലത്തിന് ചുറ്റും തീർത്ത ഈ പൂക്കളം പരസ്പരമുള്ള കരുതലിന്റെയും ഒത്തുചേരലിന്റെയും സന്ദേശമാണ് പങ്കുവെക്കുന്നത്.
പ്രതിസന്ധികളെ മറികടന്ന് മുന്നേറുന്ന യുഎഇയുടെ മനോഭാവത്തിനുള്ള സമർപ്പണമാണ് ഈ പൂക്കളമെന്ന് ബുർജീൽ മെഡിക്കൽ സിറ്റി സിഇഒ ഡോ. മുജ്തബ അലി ഖാനും മികച്ച നേതൃത്വത്തിലുള്ള വിശ്വാസമാണ് രാജ്യത്തിന്റെ കരുത്തെന്ന് അസിസ്റ്റന്റ് നഴ്‌സിംഗ് ഡയറക്ടർ അമീറ അൽ കത്തേരിയും വ്യക്തമാക്കി. പൂക്കളമൊരുക്കിയ ശേഷം വിവിധ രാജ്യക്കാരായ ആരോഗ്യ പ്രവർത്തകർ തിരുവാതിരയും പരമ്പരാഗത ഓണക്കളികളുമായി ആഘോഷത്തിൽ പങ്കുചേർന്നു.
Content Highlights: UAE expatriates have created a massive 250-square-metre pookalam after 20 hours of dedicated work. The impressive floral arrangement showcases the creativity and cultural spirit of the expatriate community as part of the UAE’s Onam celebrations.