

യുഎഇയും അമേരിക്കയും ചേർന്ന് പുതിയ ഉഭയകക്ഷി സൈനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടാസ്‌ക് ഫോഴ്‌സിന് അബുദാബിയിൽ തുടക്കം കുറിച്ചു. 'ടാസ്‌ക് ഫോഴ്‌സ് ടാലൺ സിനാപ്‌സ്' എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക-സാങ്കേതിക സഹകരണത്തിൽ നിർണ്ണായക വഴിത്തിരിവാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ, സൈബർ സുരക്ഷ എന്നിവയിലെ വിദഗ്ദ്ധർ അടങ്ങുന്നതാണ് പുതിയ ടീം.
യുഎഇയും അമേരിക്കയും വർഷങ്ങളായി നടത്തുന്ന സാങ്കേതിക വിദ്യ അധിഷ്ഠിത സൈനിക സഹകരണത്തിന്റെ തുടർച്ചയാണ് അബുദാബി ആസ്ഥാനമായി ആരംഭിച്ച 'ടാസ്‌ക് ഫോഴ്‌സ് ടാലൺ സിനാപ്‌സ്'. 2021-ൽ ബഹ്‌റൈനിൽ തുടക്കം കുറിച്ച 'ടാസ്‌ക് ഫോഴ്‌സ് 59', 2023-ൽ നടത്തിയ ഡ്രൈവറില്ലാ ബോട്ട് പരീക്ഷണങ്ങൾ എന്നിവയുടെ തുടർച്ചയാണിത്. കുടാതെ സെൻസറുകളും എഐ പ്ലാറ്റ്‌ഫോമുകളും കടലിൽ പരീക്ഷിച്ച് വിജയിച്ചിരുന്നു. ഇതിൽ നിന്നും ഒരുപടി കൂടി മുന്നോട്ടുപോയി, സ്ഥിരമായ ഒരു സൈനിക എ.ഐ പങ്കാളിത്ത ശൃംഖല നിർമ്മിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ മാനേജ്‌മെന്റ്, സൈബർ സുരക്ഷ എന്നീ മേഖലകളിലെ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള ഇരുപതോളം മികച്ച വിദഗ്ദ്ധരാണ് ഈ പുതിയ സംഘത്തിലുള്ളത്. മേഖലയിലെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണം, രഹസ്യാന്വേഷണം, സുരക്ഷാ അന്തരീക്ഷ നിരീക്ഷണം എന്നിവയ്ക്കായി എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും.
അഡ്വാൻസ്ഡ് സാങ്കേതികവിദ്യകൾ കൈമാറുന്നതിൽ യുഎസ് വരുത്തിയ ഇളവുകൾ പദ്ധതിക്ക് വേഗം കൂട്ടി. താൽക്കാലിക പരീക്ഷണങ്ങൾക്കപ്പുറം ഇരു രാജ്യങ്ങളിലെയും സൈനിക വിദഗ്ധർ ഒന്നിച്ച് പ്രവർത്തിക്കുന്ന ഒരു സ്ഥിരം സംവിധാനമായി ഇത് മാറും. മേഖലയിലെ പ്രതിരോധ സുരക്ഷ കൂടുതൽ ശക്തമാക്കുമെന്ന് യു.എസ് സെന്റകോം വ്യക്തമാക്കി.
Content Highlights: The UAE and US are expanding military cooperation with a new bilateral task force focused on artificial intelligence. The initiative is aimed at strengthening defence collaboration and exploring the use of advanced technologies in military operations.