

കൊച്ചി: വി ഡി സതീശന്റെ ഭരണത്തിന് കീഴിൽ കേരളത്തിൽ നടക്കുന്നത് സോഷ്യൽ മീഡിയയിലെ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'യോ എന്ന ചോദ്യവുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്. കേന്ദ്ര സർക്കാരിന്റെ ഐടി റൂൾസ്, 2021 (The Information Technology (Intermediary Guidelines and Digital Media Ethics Code) Rules, 2021) ദുരുപയോഗം ചെയ്ത് തങ്ങൾക്കെതിരെ ഉയരുന്ന വിമർശനങ്ങളെയും ജനശബ്ദങ്ങളെയും അടിച്ചമർത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും പി രാജീവ് വിമർശിച്ചു. മെറ്റ പ്ലാറ്റ്‌ഫോമുകളിൽ സർക്കാരിനെയും മുഖ്യമന്ത്രി വി. ഡി. സതീശനെയും വിമർശിക്കുന്ന പോസ്റ്റുകളും, മാധ്യമങ്ങൾ നൽകുന്ന സർക്കാരിനെതിരായ വാർത്തകളും ഇന്ത്യയിൽ കാണാൻ സാധിക്കാത്ത രീതിയിൽ വൻതോതിൽ ജിയോ-ബ്ലോക്ക് ചെയ്യിക്കുകയാണ്. രാജ്യസുരക്ഷയെ ബാധിക്കുന്നവ, വ്യാജവാർത്തകൾ, വിദ്വേഷപ്രചാരണത്തിലൂടെ ക്രമസമാധാന തകർച്ചയുണ്ടാക്കുന്നവ തുടങ്ങിയ പോസ്റ്റുകൾ നീക്കം ചെയ്യാനാണ് നിയമത്തിൽ വ്യവസ്ഥയുള്ളത്. എന്നാൽ കേരളത്തിൽ സംഭവിക്കുന്നത് എന്താണ്? എന്നും പി രാജീവ് ചോദിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് പി രാജീവിന്റെ വിമർശനം.
വ്യാജവാർത്തയോ ക്രമസമാധാന പ്രശ്നമോ ഉണ്ടാക്കാത്ത, സർക്കാരിന്റെ അഴിമതികളെയും ഭരണപരാജയങ്ങളെയും വിമർശിക്കുന്ന മാധ്യമവാർത്തകളും സാധാരണക്കാരായ ജനങ്ങളുടെ അഭിപ്രായങ്ങളുമാണ് വായടപ്പിക്കാൻ വേണ്ടി നീക്കം ചെയ്യിക്കുന്നതെന്നും പി രാജീവ് കുറ്റപ്പെടുത്തി. മാധ്യമങ്ങളെ നേരിട്ട് നിരോധിക്കാതെ, അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ തടഞ്ഞുകൊണ്ട് പിൻവാതിലിലൂടെ മാധ്യമസ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറുകയാണ് സർക്കാർ ചെയ്യുന്നത്.
മോദി സർക്കാരിനെ ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കുന്നതെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് ശരിയാണെങ്കിൽ യുഡിഎഫ് സർക്കാരിനെ എത്ര കരുതലോടെയാണ് മോദി സർക്കാർ സംരക്ഷിക്കുന്നത് വ്യക്തമാണെന്നും പി രാജീവ് കുറ്റപ്പെടുത്തുന്നുണ്ട്. ജനാധിപത്യത്തിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെയും മാധ്യമങ്ങളുടെയും മൗലികാവകാശമാണ്. വിമർശിക്കുന്ന വാർത്തകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യിച്ച് ഭരണം മുന്നോട്ട് കൊണ്ടുപോകാമെന്ന് കരുതുന്നത് ശുദ്ധ മണ്ടത്തരമാണ്. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ജനങ്ങളിൽ നിന്ന് ഉണ്ടാവണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പി രാജീവ് ചൂണ്ടിക്കാണിക്കുന്നു.
Content Highlights: Former Kerala minister P Rajeeve has alleged that an undeclared emergency is prevailing on social media under the leadership of V D Satheesan, raising concerns over freedom of expression and political criticism in Kerala.