

തിരുവനന്തപുരം: മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളെ തകര്‍ക്കാന്‍ വി ഡി സതീശന്‍ സര്‍ക്കാര്‍ നടത്തുന്നത് തന്ത്രപരമായ നീക്കമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രിയും സിപിഐഎം നേതാവുമായ വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ സീറ്റില്ലെന്ന വ്യാജേന, മാനേജ്മെന്റുകളുടെ സമ്മര്‍ദ്ദത്തിനും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും വഴങ്ങി എയ്ഡഡ് സ്‌കൂളുകള്‍ക്ക് അശാസ്ത്രീയമായി അധിക ബാച്ചുകള്‍ വാരിക്കോരി നല്‍കുകയാണെന്ന് വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
പുതിയ അധ്യയന വര്‍ഷം ആരംഭിച്ചപ്പോള്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്ന് വന്‍തോതില്‍ വിദ്യാര്‍ത്ഥികള്‍ ചോര്‍ന്നുപോകുന്ന സാഹചര്യം ഉടലെടുത്തിരിക്കുകയാണ്. മലബാര്‍ മേഖലയില്‍, പ്രത്യേകിച്ച് മലപ്പുറത്ത് 120-ഓളം അധിക ബാച്ചുകള്‍ അനുവദിച്ചപ്പോള്‍ അതില്‍ വെറും 12 എണ്ണം മാത്രമാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നല്‍കിയത്. ബാക്കി ഭൂരിഭാഗവും എയ്ഡഡ് മാനേജ്മെന്റുകള്‍ക്ക് നല്‍കി വ്യാപാരവല്‍ക്കരണത്തിന് അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്‌തെന്ന് വി ശിവന്‍കുട്ടി വിമര്‍ശിച്ചു.
സ്‌കൂള്‍ പ്രവേശനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ബാച്ചുകള്‍ നിറയ്ക്കാന്‍ നടപടിയെടുക്കാതെ, എയ്ഡഡ് സ്‌കൂളുകളിലേക്ക് സ്പോട്ട് ട്രാന്‍സ്ഫറും മറ്റ് പ്രവേശനങ്ങളും അനുവദിച്ചതാണ് വിനയായത്. ഇത് സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെയും തസ്തികകളെയും അധ്യാപകരുടെ ഭാവി തന്നെയും കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. താല്‍ക്കാലിക ലാഭത്തിനും രാഷ്ട്രീയ താത്പര്യങ്ങള്‍ക്കും വേണ്ടി പൊതുവിദ്യാഭ്യാസ മേഖലയുടെ അടിത്തറ തോണ്ടുന്ന തീരുമാനമാണിതെന്നും ശിവന്‍കുട്ടി പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കേണ്ട സര്‍ക്കാര്‍, പൊതുവിദ്യാലയങ്ങളെ പട്ടിണിക്കിട്ട് എയ്ഡഡ് മേഖലയ്ക്ക് വഴിവിട്ട് സഹായം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലനില്‍പ്പ് അപകടത്തിലാക്കുന്ന ഈ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്തിരിയണമെന്നും വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
Content Highlights- V. Sivankutty accused the government of making a strategic move to weaken government schools in Malappuram and other districts