'പിഎം ശ്രീ സീതി സാഹിബ് സ്‌കൂൾ, പിഎം ശ്രീ ബാഫഖി തങ്ങള്‍ സ്‌കൂൾ എന്ന പേരുകൾ വരും'; ലീഗിനെതിരെ പി എസ് സഞ്ജീവ്

മുസ്‌ലിം ലീഗ് നേതാക്കളുടെ പേരുള്ള നിരവധി സ്‌കൂളുകള്‍ ഉണ്ടെന്നും അവയുടെ കൂടെ പിഎം ശ്രീ എന്ന് ചേര്‍ക്കുന്നതില്‍ ലീഗിന്റെ അഭിപ്രായം എന്താണെന്നും സഞ്ജീവ്

'പിഎം ശ്രീ സീതി സാഹിബ് സ്‌കൂൾ, പിഎം ശ്രീ ബാഫഖി തങ്ങള്‍ സ്‌കൂൾ എന്ന പേരുകൾ വരും'; ലീഗിനെതിരെ പി എസ് സഞ്ജീവ്
dot image

തിരുവനന്തപുരം: പിഎം ശ്രീ നടപ്പിലാക്കിയാല്‍ തടയുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. പദ്ധതി നടപ്പിലാക്കാന്‍ ഒരു ബാധ്യതയും യുഡിഎഫ് സര്‍ക്കാരിനില്ലെന്നും എന്നിട്ടും പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും സഞ്ജീവ് പറഞ്ഞു. മുസ്‌ലിം ലീഗ് നേതാക്കളുടെ പേരുള്ള നിരവധി സ്‌കൂളുകള്‍ ഉണ്ടെന്നും അവയുടെ കൂടെ പിഎം ശ്രീ എന്ന് ചേര്‍ക്കുന്നതില്‍ ലീഗിന്റെ അഭിപ്രായം എന്താണെന്നും സഞ്ജീവ് ചോദിച്ചു.

'എസ്എഫ്‌ഐ എന്തായാലും അത് തടയും. നാളെ പിഎം ശ്രീ സീതി സാഹിബ് സ്‌കൂള്‍, പിഎം ശ്രീ ബാഫാഖി തങ്ങള്‍ സ്‌കൂള്‍ എന്ന് പേരുകള്‍ വരും. അതിന് എസ്എഫ്‌ഐ അനുവദിക്കില്ല. പേരുമാറ്റുന്നതും പെയിന്റ് അടിക്കുന്നതും അല്ല പ്രശ്‌നം. സിലബസ് മാറ്റുന്നതാണ് പ്രശ്‌നം. ഈ തീരുമാനവുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെങ്കിലും അത് തടയും. തെരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങളെ പറ്റിച്ചു ഒരു തീരുമാനം എടുക്കുക, തെരഞ്ഞെടുപ്പിന് ശേഷം മറ്റൊരു നിലപാട് സ്വീകരിക്കുക, ഇതാണ് യുഡിഫ് ചെയ്യുന്നത്. ഈ നിലപാടില്‍ നിന്ന് പിറകോട്ട് പോകണം', പി എസ് സഞ്ജീവ് പറഞ്ഞു.

പിഎം ശ്രീയില്‍ യുഡിഎഫിനെതിരെ എ എ റഹീം എംപിയും രംഗത്തെത്തി. എന്തിനാണ് മുഖ്യമന്ത്രി തുടര്‍ച്ചയായി കള്ളം പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. തന്റെ സംഘപരിവാര്‍ ബന്ധം മറച്ചു പിടിക്കാനാണ് കള്ളം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും ലീഗിന്റെ വിദ്യാഭ്യാസ മന്ത്രിയും ആവര്‍ത്തിക്കുന്ന വാദങ്ങള്‍ പെരും നുണയാണ് എന്ന് തെളിയിക്കുന്നതാണ് ശ്രീ അബ്ദുല്‍ വഹാബിനും ജെ ബി മേത്തര്‍ക്കും രാജ്യസഭയില്‍ കിട്ടിയ മറുപടികളെന്ന് എ എ റഹീം കൂട്ടിച്ചേര്‍ത്തു.

പിഎം ശ്രീ വിഷയത്തില്‍ യുഡിഎഫിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും ആഞ്ഞടിച്ചു. സംഘപരിവാറിന്റെ കാവിവല്‍ക്കരണ അജണ്ടകള്‍ക്ക് മുന്നില്‍ യുഡിഎഫ് സര്‍ക്കാര്‍ ഓച്ഛാനിച്ച് നില്‍ക്കുന്ന കാഴ്ചയാണ് യുഡിഎഫ് മുന്നണി യോഗത്തിലുണ്ടായതെന്ന് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ പറഞ്ഞ നിലപാടുകളെല്ലാം കാറ്റില്‍പ്പറത്തി, പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് തീരുമാനം മതനിരപേക്ഷ കേരളത്തോടുള്ള കടുത്ത വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാകില്ലെന്ന സര്‍ക്കാര്‍ വാദം തെറ്റെന്ന രേഖകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് യുഡിഎഫ് പ്രതിസന്ധിയിലായത്. പദ്ധതിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാമെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കി മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. എംഒയു ഒപ്പിട്ട ശേഷം കേരളം സ്‌കൂളുകളുടെ പട്ടിക നല്‍കിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. അബ്ദുല്‍ വഹാബ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരിയാണ് ഇത് സംബന്ധിച്ച മറുപടി നല്‍കിയത്. പദ്ധതിയില്‍ നിന്ന് പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടമാകും എന്നാണ് കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.

പിഎം ശ്രീ പദ്ധതിക്കായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചെങ്കിലും തുടര്‍നടപടികളില്‍ ഇതുവരെ പങ്കാളിയായിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ധാരണാപത്രം ഒപ്പിട്ട ശേഷം പദ്ധതിയുടെ ഭാഗമാകേണ്ട സ്‌കൂളുകളെ കണ്ടെത്താനായി നടത്തുന്ന 'ചലഞ്ച് മോഡ്' പ്രക്രിയയില്‍ കേരളം ഭാഗമായിട്ടില്ലെന്നും കേന്ദ്രം കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു. ഇതോടെയാണ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തില്‍ യുഡിഎഫ് വെട്ടിലായത്.

Content Highlights: SFI State Secretary P S Sanjeev has stated that the organisation will prevent the implementation of the PM SHRI scheme

dot image
To advertise here,contact us
dot image