

ഇക്കോണമി ക്ലാസിൽ പുതിയ മാറ്റവുമായി എമിറേറ്റ്സ് എയർലൈൻ. ദീർഘദൂര വിമാന സർവീസുകളിൽ ഇക്കോണമി ക്ലാസ് യാത്രക്കാരുടെ ഉറക്കവും വിശ്രമവും കൂടുതൽ സുഖകരമാക്കാൻ പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ച് പ്രമുഖ ദുബായ് എയർലൈനായ എമിറേറ്റ്സ്. യാത്രക്കാർ സാധാരണയായി കഴുത്തിന് പിന്തുണ നൽകാൻ ഉപയോഗിക്കുന്ന ട്രാവൽ പില്ലോകൾക്ക് ഇനി മുതൽ വിട നൽകാം എന്ന പ്രഖ്യാപനത്തോടെയാണ് 'യു-ഡ്രീം' എന്ന് പേരിട്ടിട്ടുള്ള അത്യാധുനിക ഹെഡ്‌റെസ്റ്റുകൾ എമിറേറ്റ്സ് അവതരിപ്പിച്ചത്. ഫ്രഞ്ച് കമ്പനിയായ 'സാഫ്രാൻ സീറ്റ്സ്' വികസിപ്പിച്ചെടുത്ത Z400 സീറ്റുകളുടെ ഭാഗമായാണ് ഈ ലെതർ ഹെഡ്‌റെസ്റ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
8 വ്യത്യസ്ത രീതികളിൽ മാറ്റം വരുത്താൻ സാധിക്കുന്ന ഈ ഹെഡ്‌റെസ്റ്റിൽ മുകളിലേക്കും താഴേക്കും ക്രമീകരിക്കാനും ചരിവ് മാറ്റാനും സൗകര്യമുണ്ട്. ഇതിന്റെ ഇരുവശങ്ങളിലുമുള്ള കുഷ്യനുകൾ ഉള്ളിലേക്ക് മടക്കി കഴുത്തിന് ഇരുവശത്തുനിന്നും മികച്ച പിന്തുണ നൽകാൻ സാധിക്കും. ഉറങ്ങുമ്പോൾ തല മുന്നോട്ടോ വശങ്ങളിലേക്കോ ചരിഞ്ഞുപോകാതിരിക്കാൻ ഇത് സഹായിക്കുന്നു. സാധാരണയായി ബിസിനസ്, ഫസ്റ്റ് ക്ലാസുകളിൽ മാത്രം കണ്ടുവരുന്ന തരത്തിലുള്ള മികച്ച എർഗണോമിക് പിന്തുണയാണ് ഇതിലൂടെ ഇക്കോണമി യാത്രക്കാർക്ക് ലഭിക്കുന്നത്. ഓരോ സർവീസിന് ശേഷവും എളുപ്പത്തിൽ തുടച്ചു വൃത്തിയാക്കാനും സാനിറ്റൈസ് ചെയ്യാനും സാധിക്കുന്ന ഈ ഹെഡ്‌റെസ്റ്റുകൾക്ക് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയുടെ (ഇഎഎസ്എ) സുരക്ഷാ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.
ഉപഭോക്തൃ സേവനത്തിന്റെ കാര്യത്തിൽ എമിറേറ്റ്സ് ഒട്ടും പിന്നോട്ടല്ലെന്നും, ദീർഘദൂര യാത്രക്കാരുടെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനാണ് തങ്ങൾ എപ്പോഴും മുൻഗണന നൽകുന്നതെന്നും എമിറേറ്റ്സ് എയർലൈൻ അധികൃതർ വ്യക്തമാക്കി. ഉറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കഴുത്തിന് പൂർണ്ണ പിന്തുണ നൽകിക്കൊണ്ട് യു-ഡ്രീം ഹെഡ്‌റെസ്റ്റ് യാത്ര സുഖകരമാക്കാം.അതുകൊണ്ട് യാത്രക്കാർക്ക് കഴുത്തിൽ വെക്കുന്ന പില്ലോകളുടെ ആവശ്യമില്ലെന്നും എയർലൈൻ അധികൃതർ കൂട്ടിച്ചേർത്തു.
എമിറേറ്റ്സിന്റെ വിമാനങ്ങളിൽ ഇതിനകം തന്നെ ഈ ഹെഡ്‌റെസ്റ്റുകൾ ഘടിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്. നിലവിൽ സർവീസ് നടത്തുന്ന മൂന്ന് എയർബസ് A350 വിമാനങ്ങളിൽ ഈ സൗകര്യം ലഭ്യമാണ്. 2026 അവസാനത്തോടെ എമിറേറ്റ്സിന്റെ എല്ലാ A350 വിമാനങ്ങളിലും ഇത് പൂർണ്ണമായി സജ്ജീകരിക്കും. കൂടാതെ, എമിറേറ്റ്സ് പുതുതായി ഓർഡർ നൽകിയിട്ടുള്ള 270 ബോയിംഗ് 777X വിമാനങ്ങളിൽ ഈ ഹെഡ്‌റെസ്റ്റുകൾ നിർമ്മാണവേളയിൽ തന്നെ ഉൾപ്പെടുത്തും. 2027 മുതൽ നിലവിലുള്ള എയർബസ് A380, ബോയിംഗ് 777 വിമാനങ്ങളുടെ ക്യാബിനുകൾ നവീകരിക്കുന്ന ഘട്ടത്തിൽ ഈ പുതിയ ഹെഡ്‌റെസ്റ്റുകൾ സ്ഥാപിക്കാനും എയർലൈൻ പദ്ധതിയിടുന്നുണ്ട്. യാത്രക്കാർക്ക് ഹെഡ്‌റെസ്റ്റ് കൃത്യമായി ഉപയോഗിക്കാൻ സഹായിക്കുന്നതിനായി വിമാനത്തിലെ ക്യാബിൻ ക്രൂ അംഗങ്ങൾക്ക് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ടെന്ന് എമിറേറ്റ്സ് അധികൃതർ അറിയിച്ചു.
Content Highlight: Emirates has unveiled a new comfort feature for Economy Class passengers aimed at improving neck support during flights