

കായിക ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലിന്. സ്‌പെയിന്‍-അര്‍ജന്റീന പോരാട്ടം ഫുട്‌ബോള്‍ പ്രേമികളെ ത്രസിപ്പിക്കുമെന്നുറപ്പ്. വലിയ വിവാദങ്ങളിലൂടെയാണ് അര്‍ജന്റീന ഫൈനലിലെത്തിയത്. ഫിഫയും റഫറിയും അര്‍ജന്റീനയെ വഴിവിട്ട് സഹായിച്ചെന്ന് ആരോപിച്ച് ഈജിപ്ത് രംഗത്തെത്തിയതും മെസ്സിയുടെ ഫൗളിന് കാര്‍ഡ് നല്‍കാത്തതുമെല്ലാം കോലാഹലമുണ്ടാക്കി.
എന്നാല്‍, സ്‌പെയിന്‍ ശാന്തമായാണ് ഫൈനലിലേക്കെത്തുന്നത്. കേപ് വെര്‍ദെക്കെതിരെ സമനില പിടിച്ചപ്പോള്‍ ടീമിന്റെ കുതിപ്പ് ആശങ്കയായിരുന്നു. പക്ഷെ, കൃത്യമായ പുരോഗതിയോടെ ലോകകപ്പില്‍ ഫൈനല്‍ വരെ എത്തിയത് സ്‌പെയിനാണ്. ഇതിനിടെ യുറഗ്വായിയും സൗദിയും ഓസ്ട്രിയയും പോര്‍ച്ചുഗലും ബെല്‍ജിയവും ഫ്രാന്‍സും സ്‌പെയിന് മുന്നില്‍ വീണു.
ഫൈനല്‍ മത്സരത്തെക്കുറിച്ച് അറിയാം
സ്പെയിനും അര്‍ജന്റീനയും അവസാനമായി ഏറ്റുമുട്ടിയത് 2018 മാര്‍ച്ച് 27-ന് മാഡ്രിഡിലെ വാണ്ട മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിലായിരുന്നു. അന്ന് സൂപ്പര്‍ താരം ലയണല്‍ മെസ്സി പരിക്കിനെ തുടര്‍ന്ന് കളിക്കാതിരുന്ന മത്സരത്തില്‍ അര്‍ജന്റീനയെ 6-1 എന്ന വലിയ സ്‌കോറിനാണ് സ്പെയിന്‍ പരാജയപ്പെടുത്തിയത്. സ്‌പെയിനായി ഇസ്‌കോ ഹാട്രിക് നേടിയപ്പോള്‍ ഡീഗോ കോസ്റ്റ, തിയാഗോ അല്‍കന്റാര, ഇയാഗോ അസ്പാസ് എന്നിവര്‍ ബാക്കി ഗോളുകള്‍ നേടി. അര്‍ജന്റീനയുടെ ഏക ഗോള്‍ നേടിയത് നിക്കോളാസ് ഒട്ടമെന്‍ഡിയായിരുന്നു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2026 ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ നേരിട്ട് പങ്കെടുക്കുമെന്ന് ഫിഫ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിജയികളാകുന്ന ടീമിന് ലോകകപ്പ് കിരീടം സമ്മാനിക്കുന്നത് പ്രസിഡന്റ് ട്രംപ് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹാഫ് ടൈം ഷോ
ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ഇത്തവണത്തെ ഫൈനല്‍ മത്സരത്തില്‍ സൂപ്പര്‍ ബൗള്‍ മാതൃകയിലുള്ള ഒരു വമ്പന്‍ ഹാഫ് ടൈം ഷോ ഉണ്ടായിരിക്കും. മഡോണ, ജസ്റ്റിന്‍ ബീബര്‍, ഷക്കീര, ബി.ടി.എസ്, ബര്‍ണാ ബോയ്, ഗുസ്താവോ ദുദമേല്‍ എന്നിവര്‍ക്കൊപ്പം പ്രശസ്ത ബാന്‍ഡ് കോള്‍ഡ്പ്ലേയും പിഎസ്22 ക്വയറും ചേര്‍ന്ന് വേദിയില്‍ വിസ്മയം തീര്‍ക്കും. സംഗീത വിരുന്ന് ഏകദേശം 11 മിനിറ്റ് നീണ്ടുനില്‍ക്കും. ഹാഫ് ടൈം ഷോ നടക്കുന്നതിനാല്‍ സാധാരണ 15 മിനിറ്റ് ഉള്ള പകുതി സമയത്തെ ഇടവേള30 മിനിറ്റ് വരെ നീട്ടാന്‍ സാധ്യതയുണ്ട്.
സമാപന ചടങ്ങ്
ഫൈനല്‍ മത്സരം ആരംഭിക്കുന്നതിന് 90 മിനിറ്റ് മുന്‍പായി ഒരു ഔദ്യോഗിക സമാപന ചടങ്ങും ഉണ്ടായിരിക്കും. ഹോളിവുഡ് താരം ടോം ക്രൂസ്, റോബി വില്യംസ്, നിക്കോള്‍ ഷെര്‍സിംഗര്‍ തുടങ്ങിയ പ്രശസ്ത താരങ്ങള്‍ ഈ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
content highlights: Ready to watch the Final..! Here are the key things you must know