

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ ആകാശ പ്രതിഭാസങ്ങളിലൊന്നിന് സാക്ഷ്യം വഹിക്കാന്‍ സൗദി അറേബ്യ. 2027 ഓഗസ്റ്റ് 2 ന് രാജ്യത്തിന്റെ വലിയ ഭാഗങ്ങളില്‍ ഒരു അപൂര്‍വ പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകും. ദശലക്ഷക്കണക്കിന് താമസക്കാര്‍ക്കും സന്ദര്‍ശക്കും നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രഹണങ്ങളിലൊന്നാണ് അന്ന് ദൃശ്യമാകുന്നത്. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രദേശങ്ങളും തെക്കന്‍പ്രദേശങ്ങളും ആറ് മിനിറ്റ് നേരത്തേക്ക് ഗ്രഹണം ഇരുട്ടിലാക്കും. സൂര്യന്റെ പുറംപാളിയെക്കുറിച്ച് പഠിക്കാന്‍ ശാസ്ത്രലോകത്തിന് കിട്ടുന്ന ധൈര്‍ഘ്യമേറിയ സമയമാണ് ഇത്.
സൗദി ബഹിരാകാശ ഏജന്‍സിയുടെ അഭിപ്രായപ്രകാരം അബഹയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആറ് മിനിറ്റും ജിദ്ദ, പടിഞ്ഞാറന്‍ തീരങ്ങളിലെ ചില പ്രദേശങ്ങളിലും അഞ്ച് മിനിറ്റ് അന്‍പത് സെക്കന്റും പൂര്‍ണമായും ഇരുട്ടായിരിക്കും. ഗ്രഹണം കാണുന്നതിനും രേഖപ്പെടുത്തുന്നതിനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായി സൗദി അറേബ്യയെ ഈ ഗ്രഹണം അടയാളപ്പെടുത്തുമെന്ന് ഏജന്‍സി പറഞ്ഞു. അതേസമയം അയല്‍രാജ്യമായ ഈജിപ്തില്‍ ഗ്രഹണത്തിന്റെ പരമാവധി ദൈര്‍ഘ്യം അനുഭവപ്പെടുമെന്ന് പ്രവചിക്കപ്പെടുന്നു എന്നും കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുടനീളമുള്ള നിവാസികള്‍ക്കും ഭാഗിക ഗ്രഹണം കാണാന്‍ കഴിയും, ചില പ്രദേശങ്ങളില്‍ സൂര്യന്റെ 80 ശതമാനം വരെ മറഞ്ഞിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നിരുന്നാലും കൃത്യമായ സമയവും വ്യാപ്തിയും സ്ഥലം അനുസരിച്ച് വ്യത്യാസപ്പെടും.
സര്‍ട്ടിഫൈഡ് എക്ലിപ്‌സ് ഗ്ലാസുകളോ പ്രത്യേക ഫില്‍ട്ടര്‍ ചെയ്ത ഉപകരണങ്ങളോ ഇല്ലാതെ സൂര്യനെ നേരിട്ട് നോക്കുന്നതിനെതിരെ മുന്നറിയിപ്പ് സൗദി ബഹിരാകാശ ഏജന്‍സി നല്‍കിയിട്ടുണ്ട്. ഗ്രഹണത്തിൻ്റെ അനുഭവങ്ങളെ സുരക്ഷിതമായി നിരീക്ഷിക്കാനും സൗദി ബഹിരാകാശ ഏജന്‍സി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
മക്ക, ജിദ്ദ, തായിഫ്, അല്‍ ബഹ, ഖാമീസ് മുഷൈത്ത്, ജസാന്‍, നജ്റാന്‍ എന്നിവയുള്‍പ്പെടെ നഗരങ്ങളിലൂടെയും ഗവര്‍ണറേറ്റുകളിലൂടെയും ഗ്രഹണത്തിന്റെ പൂര്‍ണ പാത ചെങ്കടല്‍ തീരത്ത് നിന്ന് ആരംഭിക്കുമെന്ന് ജിദ്ദ ജ്യോതിശാസ്ത്ര സൊസൈറ്റി പ്രസിഡന്റ് മാജിദ് അബു സഹ്റ പറഞ്ഞു. ഗ്രഹണമുള്ളപ്പോള്‍ പകല്‍ വെളിച്ചം സന്ധ്യയോട് സാമ്യമുള്ളതായിരിക്കും, താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു എന്നും, സൂര്യന്റെ പുറം ഭാഗം പൂര്‍ണമായും ദൃശ്യമാകുകയും, ഇരുണ്ട ആകാശത്ത് ചില തിളക്കമുള്ള നക്ഷത്രങ്ങളും ഗ്രഹങ്ങളും പ്രത്യക്ഷപ്പെടും എന്നും അധികൃതര്‍ അറിയിച്ചു.
Content Highlight: Saudi Arabia is set to witness one of the century's longest solar eclipses after 75 years, offering a rare astronomical event for skywatchers