യുഎഇയിൽ ഉന്നതവിദ്യാഭ്യാസം കൂടുതൽ എളുപ്പമാകും; സർവകലാശാലകൾക്ക് ഏകീകൃത ലൈസൻസിങ് സംവിധാനം

പുതിയ ഉത്തരവോടെ രാജ്യത്തുടനീളമുള്ള കോളേജുകൾക്കും സർവകലാശാലകൾക്കും ലൈസൻസ് അനുവദിക്കുന്നതിൽ ഏകീകൃത ദേശീയ മാനദണ്ഡം നിലവിൽ വരും

യുഎഇയിൽ ഉന്നതവിദ്യാഭ്യാസം കൂടുതൽ എളുപ്പമാകും; സർവകലാശാലകൾക്ക് ഏകീകൃത ലൈസൻസിങ് സംവിധാനം
dot image

യുഎഇയിൽ ഉന്നതവിദ്യാഭ്യാസം തേടുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ ലളിതവും സുതാര്യവുമായ പഠനാന്തരീക്ഷം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് പുതിയ ലൈസൻസിങ് സംവിധാനത്തിന് അംഗീകാരം നൽകി അധികൃതർ. സർവകലാശാലകൾക്കുള്ള പുതിയ ദേശീയ ലൈസൻസിങ് ചട്ടക്കൂടിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ആണ് അംഗീകാരം നൽകിയത്. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ സംബന്ധമായ ഫെഡറൽ നിയമത്തിന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.

പുതിയ ഉത്തരവോടെ രാജ്യത്തുടനീളമുള്ള കോളേജുകൾക്കും സർവകലാശാലകൾക്കും ലൈസൻസ് അനുവദിക്കുന്നതിൽ ഏകീകൃത ദേശീയ മാനദണ്ഡം നിലവിൽ വരും. പ്രൊഫഷണൽ ഫ്രീ സോണുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ഇത് ബാധകമായിരിക്കും. സർവകലാശാലകളുടെ ഭരണനിർവ്വഹണം ശക്തമാക്കാനും അനാവശ്യമായ റെഗുലേറ്ററി നടപടിക്രമങ്ങൾ ഒഴിവാക്കാനും വിദ്യാർത്ഥികളുടെ പഠനാനുഭവം മെച്ചപ്പെടുത്താനും ഈ പരിഷ്കാരം സഹായിക്കും. കൂടാതെ, വ്യവസായ മേഖലയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിച്ച് വിദ്യാർത്ഥികൾക്ക് മികച്ച തൊഴിലവസരങ്ങൾ ഉറപ്പാക്കാനും ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നു.

ഉന്നതവിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രാലയവും പ്രാദേശിക ഭരണകൂടങ്ങളും കൈകോർത്തു കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് മാനവവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രിയും ആക്ടിംഗ് ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായ ഡോ. അബ്ദുൽറഹ്മാൻ അൽ അവാർ വ്യക്തമാക്കി. ലൈസൻസിങ് നടപടികളിലെ ആവർത്തനങ്ങൾ ഒഴിവാക്കി നടപടികൾ കൂടുതൽ എളുപ്പമാക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും.

വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും സ്ഥാപനങ്ങളുടെ സാമ്പത്തിക സുതാര്യതയ്ക്കും പുതിയ ചട്ടക്കൂടിൽ വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം, അക്കാദമിക് ഭരണം, എക്സിക്യൂട്ടീവ് നിർവ്വഹണം എന്നിവ വേർതിരിച്ചുകൊണ്ട് വ്യക്തമായ മാനദണ്ഡങ്ങൾ കൊണ്ടുവരും. അതോടൊപ്പം, ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനപരമായോ സാമ്പത്തികപരമായോ ഉള്ള പ്രതിസന്ധികൾ ഉണ്ടായാൽ പോലും വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങളും അക്കാദമിക് പ്ലാനുകളും ഈ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Content Highlights: The UAE has announced a unified licensing system for universities aimed at making higher education procedures simpler. The move is expected to streamline approvals and improve the academic sector.

dot image
To advertise here,contact us
dot image