

ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്ല്യണയർ നറുക്കെടുപ്പിൽ കോടികൾ സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. ഷാർജയിൽ ബിസിനസ് ചെയ്യുന്ന ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അയ്യൂബുദ്ദിനെയാണ് ഭാഗ്യം തേടിയെത്തിയത്. 10 ലക്ഷം യുഎസ് ഡോളർ ആണ് (ഏകദേശം 8.3 കോടിയോളം ഇന്ത്യൻ രൂപ) സമ്മാനം. ജൂലൈ 15 ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് അയ്യൂബുദ്ദിന് ഭാഗ്യദേവതയുടെ കടാക്ഷമുണ്ടായത്.
2006 മുതൽ ഷാർജയിൽ ലൈറ്റ് ഫിറ്റിംഗ്സ് ബിസിനസ് ചെയ്യുകയാണ് അയ്യൂബുദ്ദീൻ. കഴിഞ്ഞ 10 വർഷത്തോളമായി അയ്യൂബുദ്ദീൻ ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിൽ പങ്കെടുക്കാറുണ്ടായിരുന്നു. തനിക്ക് ഈ വിജയം ലഭിക്കുമെന്ന് വലിയ ഉറപ്പുണ്ടായിരുന്നുവെന്ന് നാല് കുട്ടികളുടെ പിതാവായ അയ്യൂബുദ്ദീൻ പ്രതികരിച്ചു. നിരവധി ആളുകളുടെ ജീവിതമാണ് ഈ നറുക്കെടുപ്പിലൂടെ മാറിമറിഞ്ഞതെന്നും പരിശ്രമം തുടർന്നാൽ ഏതൊരാൾക്കും എപ്പോഴെങ്കിലും ഭാഗ്യം തേടിയെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇതേ ദിവസം നടന്ന നറുക്കെടുപ്പിൽ മറ്റൊരു 10 ലക്ഷം ഡോളറിന്റെ വിജയിയായത് ദുബായിൽ അസിസ്റ്റന്റ് ഫിനാൻസ് മാനേജരായി ജോലി ചെയ്യുന്ന പാകിസ്താൻ സ്വദേശി ഹിര നയ്യർ (38) ആണ്. ആദ്യമായിട്ടാണ് ഹിര ഈ നറുക്കെടുപ്പിൽ പങ്കെടുക്കുന്നത്. സഹപ്രവർത്തകന്റെ നിർദ്ദേശപ്രകാരം ടിക്കറ്റെടുത്ത ഹിര, തന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് മെമ്പർഷിപ്പ് നമ്പറിന് സമാനമായ സംഖ്യയുള്ള ടിക്കറ്റാണ് തിരഞ്ഞെടുത്തത്.
ഇതിനുപുറമെ, ഫൈനസ്റ്റ് സർപ്രൈസ് സീരീസ് 671 നറുക്കെടുപ്പിൽ അജ്മാനിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിയായ മുഹമ്മദ് റഷീദിന് (34) ഡ്യൂക്കാട്ടി പാനിഗാലെ V2S സൂപ്പർ ബൈക്ക് സമ്മാനമായി ലഭിച്ചു. ദുബായിൽ ഇൻഷുറൻസ് ബ്രോക്കറായി ജോലി ചെയ്യുന്ന റഷീദ് കഴിഞ്ഞ മൂന്ന് വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്.
Content Highlights: After a decade of participating in the Dubai Duty Free draw, an Indian expatriate finally won a multi-million prize. The victory marks the end of a long wait and adds another success story to the popular raffle.