അബുദബിയില്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്; അപകട ദൃശ്യങ്ങള്‍ പുറത്തുവിട്ടു

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ലഭിക്കുമെന്ന് അബുദബി പൊലീസ്

അബുദബിയില്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്; അപകട ദൃശ്യങ്ങള്‍ പുറത്തുവിട്ടു
dot image

അബുദാബിയില്‍ ഉണ്ടായ ഗുരുതര വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അബുദബി പൊലീസ്. ഡ്രൈവർമാർക്കുള്ള മുന്നറിയിപ്പും പൊലീസ് നൽകുന്നുണ്ട്. വാഹനമോടിക്കുമ്പോള്‍ മറ്റ് കാര്യങ്ങളിലുള്ള അനാവശ്യ ശ്രദ്ധ ഒഴിവാക്കണമെന്ന് അബുദബി പൊലീസ് മുന്നറിയിപ്പ് നല്‍കി.

വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യുക, സോഷ്യല്‍ മീഡിയ ഉപയോഗിക്കുക, ഫോണ്‍വിളിക്കുക, ഫോട്ടോ എടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ഡ്രൈവറുടെ ശ്രദ്ധ റോഡില്‍ നിന്ന് തിരിച്ച് ഗുരുതര അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് പൊലീസ് വ്യക്തമാക്കി.

അശ്രദ്ധമായി വാഹനം ഓടിക്കുന്നത് യുഎഇ ട്രാഫിക് നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ക്ക് 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ലഭിക്കുമെന്ന് അബുദബി പൊലീസ് അറിയിച്ചു. റോഡില്‍ എപ്പോഴും പൂര്‍ണ ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നും സ്വന്തം സുരക്ഷയ്ക്കും മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കുമായി ഡ്രൈവിങ്ങിനിടെ ശ്രദ്ധ തെറ്റിക്കുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

റോഡ് സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനായി 'എഐ' സാങ്കേതികവിദ്യകയുമായി അബുദാബി പൊലീസ് പുതിയ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. അപകടങ്ങള്‍ പരമാവധി കുറയ്ക്കാനും അടിയന്തര സാഹചര്യങ്ങളില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതികരിക്കാനും ലക്ഷ്യമിട്ടുള്ള സമഗ്രമായ സ്മാര്‍ട്ട് സുരക്ഷാ പദ്ധതികള്‍ക്കാണ് അധികൃതര്‍ തുടക്കം കുറിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി നഗരപരിധിക്ക് പുറത്തുള്ള ഹൈവേകളിലെയും മറ്റ് പ്രദേശങ്ങളിലെയും പട്രോളിങ് സംവിധാനം അടിമുടി പരിഷ്‌കരിക്കുന്നുണ്ട്. സാങ്കേതിക പരിഷ്‌കാരങ്ങള്‍ക്കൊപ്പം തന്നെ റോഡുകളില്‍ അശ്രദ്ധ കാരണം ഉണ്ടാകുന്ന ഗതാഗത നിയമലംഘനങ്ങള്‍ ഒഴിവാക്കാന്‍ വിപുലമായ ബോധവത്ക്കരണ പരിപാടികളും പൊലീസ് സംഘടിപ്പിക്കും.

കൂടാതെ, പുതിയ സാങ്കേതികവിദ്യകള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിനായി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള പ്രത്യേക പരിശീലനം നല്‍കാനും അബുദാബി പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പുതിയ സ്മാര്‍ട്ട് സംവിധാനങ്ങള്‍ നിലവില്‍ വരുന്നതോടെ യുഎഇയിലെ റോഡ് സുരക്ഷാ രംഗത്ത് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Content Highlight: Abu Dhabi Police has urged drivers to follow road safety precautions after releasing accident footage as part of a public awareness

dot image
To advertise here,contact us
dot image