ഭൂട്ടാൻ വാഹനക്കടത്ത്; ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഇന്നലെ ഏഴുമണിക്കൂറാണ് നടനെ ചോദ്യം ചെയ്തത്

ഭൂട്ടാൻ വാഹനക്കടത്ത്; ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്
dot image

കൊച്ചി: ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനക്കടത്ത് നടത്തിയെന്ന കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഇന്നലെ ഏഴുമണിക്കൂറാണ് നടനെ ചോദ്യം ചെയ്തത്.

ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിനിടെ ദുല്‍ഖറിന്റെ നിസ്സാന്‍ പട്രോള്‍, ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍ വാഹനങ്ങള്‍ നേരത്തെ പിടിച്ചെടുത്തിരുന്നു. കളമശ്ശേരിയിലെ ഷോറമില്‍ നിന്നാണ് നിസ്സാന്‍ പട്രോള്‍ പിടിച്ചെടുത്തത്. ലക്കി ഭാസ്‌കര്‍ എന്ന ചിത്രത്തില്‍ ഉപയോഗിച്ച വാഹനമായിരുന്നു ഇത്.

ഇതില്‍ ഡിഫന്‍ഡര്‍ വിട്ടുനല്‍കണം എന്നാവശ്യപ്പെട്ട് ദുല്‍ഖര്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ ദുല്‍ഖറിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്നായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്.

കസ്റ്റംസ് നിയമത്തിലെ സെക്ഷന്‍ 110 എ പ്രകാരം അന്വേഷണപരിധിയിലുള്ള വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടുനല്‍കാന്‍ കഴിയുമെന്നും വാഹനം വിട്ടുനല്‍കുന്നില്ലെങ്കില്‍ അതിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ ഓപ്പറേഷൻ നുംഖോറിൽ മുഖ്യസൂത്രധാരനെന്നു കരുതുന്ന ബംഗാളിലെ ജയ്ഗാവോൺ സ്വദേശിയായ ബിശ്വദീപ് ദാസ് ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. അസമിലെ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ദീപക് പഠോവരി ഉൾപ്പെടെ നാലു പേരെയും കൊച്ചി കസ്റ്റംസ്, ഷില്ലോങ് കസ്റ്റംസിന്റെയും സശസ്ത്ര സീമാ ബെല്ലിന്റെയും സഹായത്തോടെ അറസ്റ്റ് ചെയ്തിരുന്നു.

കസ്റ്റംസിന്റെ കൊച്ചി യൂണിറ്റാണ് ഓപ്പറേഷൻ നുംഖോറിന് തുടക്കം കുറിച്ചത്. ഭൂട്ടാനിൽ നിന്ന് വിദേശ നിർമിത സെക്കൻഡ് ഹാൻഡ് ആഡംബര കാറുകളും മറ്റും അനധികൃതമായി ഇന്ത്യയിലെത്തിച്ച് വിവിധ സംസ്ഥാനങ്ങളിൽ വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ രജിസ്‌ട്രേഷൻ നടത്തി വിവിധ സംസ്ഥാനങ്ങളിൽ വിൽക്കുന്ന സംഭവമാണ് കസ്റ്റംസ് അന്വേഷിച്ചത്.

Content Highlights: Customs Questions Dulquer Salmaan in Alleged Bhutan Vehicle Smuggling and Tax Evasion Case

dot image
To advertise here,contact us
dot image