ദുബായ് രാജകുമാരിയായി ആൾമാറാട്ടം, 12 മില്യൺ ദിർഹത്തിന്റെ ആഡംബര 'ഊദ്' തട്ടിയെടുത്തു; പിടികൂടി പൊലീസ്

അറബ് ലോകത്ത് ഏറെ മൂല്യമുള്ള സുഗന്ധദ്രവ്യമായ ഊദ് വാങ്ങാനെന്ന വ്യാജേനയാണ് ഒരു സ്ത്രീ ഉൾപ്പെടെ എട്ടംഗ അന്താരാഷ്ട്ര സംഘം തട്ടിപ്പ് ആസൂത്രണം ചെയ്തത്

ദുബായ് രാജകുമാരിയായി ആൾമാറാട്ടം, 12 മില്യൺ ദിർഹത്തിന്റെ ആഡംബര 'ഊദ്' തട്ടിയെടുത്തു; പിടികൂടി പൊലീസ്
dot image

ദുബായിൽ രാജകുമാരിയായി ആൾമാറാട്ടം നടത്തി 12 മില്യൺ ദിർഹത്തിന്റെ ആഡംബര 'ഊദ്' തട്ടിയെടുത്ത അന്താരാഷ്ട്ര സംഘത്തെ ദുബായ് പൊലീസ് പിടികൂടി. സിനിമാക്കഥകളെ വെല്ലുന്ന രീതിയിൽ നടന്ന കവർച്ചയുടെ പരാതി ലഭിച്ച് വെറും 12 മണിക്കൂറിനുള്ളിൽ നാല് പ്രതികളെ പൊലീസ് വലയിലാക്കി. തട്ടിപ്പിന് ശേഷം രാജ്യം വിട്ട, രാജകുമാരിയായി വേഷമിട്ട സ്ത്രീയടക്കം ബാക്കി നാല് പേർക്കായി അന്താരാഷ്ട്ര തലത്തിൽ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

അറബ് ലോകത്ത് ഏറെ മൂല്യമുള്ള സുഗന്ധദ്രവ്യമായ ഊദ് വാങ്ങാനെന്ന വ്യാജേനയാണ് ഒരു സ്ത്രീ ഉൾപ്പെടെ എട്ടംഗ അന്താരാഷ്ട്ര സംഘം തട്ടിപ്പ് ആസൂത്രണം ചെയ്തത്. സംഘത്തിലെ രണ്ട് പ്രതികൾ ആദ്യം ദുബായിലെ പ്രമുഖ ഊദ് വ്യാപാരിയെ സമീപിച്ച്, ദുബായ് സന്ദർശിക്കുന്ന ഒരു പ്രമുഖ രാജകുമാരിക്ക് അപൂർവവും ആഡംബരവുമായ ഊദ് വേണമെന്ന് ആവശ്യപ്പെട്ടു. വ്യാപാരി വലിയ തുക വിലമതിക്കുന്ന ഊദ് ശേഖരം തയ്യാറാക്കിയതോടെ, കച്ചവടം ഉറപ്പിക്കാനായി വ്യാപാരിയെ പ്രതികൾ ഒരു ആഡംബര വില്ലയിലേക്ക് ക്ഷണിക്കുകയായിരുന്നു.

വ്യാപാരിയെ പൂർണ്ണമായും വിശ്വസിപ്പിക്കുന്നതിനായി സുരക്ഷാ ജീവനക്കാരും ആഡംബര വിരുന്നും ഒരുക്കി ഒരു താൽക്കാലിക രാജകീയ അന്തരീക്ഷമാണ് പ്രതികൾ വില്ലയിൽ സൃഷ്ടിച്ചത്. അവിടെവെച്ച് രാജകുമാരിക്ക് അനുയോജ്യമായ ബാഗുകളിലേക്ക് മാറ്റാനെന്ന വ്യാജേന ഊദ് വാങ്ങി. തുടർന്ന് രാജകുമാരിയായി വേഷമിട്ട സ്ത്രീ വന്ന് വ്യാപാരിയെ കണ്ട് ഇടപാട് ഉറപ്പിച്ചു. എന്നാൽ, അടുത്ത ദിവസം ഇടപാട് പൂർത്തിയാക്കാമെന്ന് പറഞ്ഞ് വ്യാപാരിയെ മറ്റൊരു മുറിയിൽ ഇരുത്തിയ സംഘം, ആ സമയം കൊണ്ട് ആഡംബര ഊദ് മാറ്റി പകരം സാധാരണ മരക്കഷണങ്ങൾ ബാഗിൽ നിറച്ച് വ്യാപാരിയെ വഞ്ചിക്കുകയായിരുന്നു.

അടുത്ത ദിവസം പ്രതികളുടെ ഫോണുകളെല്ലാം ഓഫായതോടെയാണ് താൻ വഞ്ചിക്കപ്പെട്ടുവെന്ന് വ്യാപാരി മനസ്സിലാക്കിയത്. തുടർന്ന് ദുബായ് പോലീസിൽ വിവരമറിയിച്ചു. ആധുനിക നിരീക്ഷണ ക്യാമറകളും അത്യാധുനിക അന്വേഷണ സംവിധാനങ്ങളും ഉപയോഗിച്ച് വെറും 12 മണിക്കൂറിനുള്ളിൽ തന്നെ സംഘത്തിലെ നാല് പ്രതികളെ പൊലീസ് വലയിലാക്കി. ഒളിപ്പിച്ച നിലയിലായിരുന്ന മുഴുവൻ ഊതും പൊലീസ് വീണ്ടെടുത്തു. എന്നാൽ തട്ടിപ്പിന് ശേഷം രാജ്യം വിട്ട, രാജകുമാരിയായി അഭിനയിച്ച സ്ത്രീ ഉൾപ്പെടെയുള്ള മറ്റ് നാല് പ്രതികൾക്കായി ദുബായ് പോലീസ് ഇന്റർപോളിന്റെ സഹായത്തോടെ റെഡ് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Content Highlights: Dubai Police have arrested a woman accused of impersonating a Dubai princess and stealing luxury oud products worth AED 12 million in a high-profile fraud case.

dot image
To advertise here,contact us
dot image