

തൊടുപുഴ: തൊടുപുഴ സ്മിത ആശുപത്രിയില്‍ നഴ്സ് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍. ആരോപണ വിധേയരായ ജീവനക്കാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആശുപത്രിയിലേക്ക് യുവമോര്‍ച്ച-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നാലെ പൊലീസ് ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തുകയും പിന്നാലെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിക്കുകയുമായിരുന്നു.
യുഎന്‍എ യൂണിറ്റ് സെക്രട്ടറി കൂടിയായ യുവതിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ജോലിക്കിടെയായിരുന്നു സംഭവം. മാനസിക പീഡനത്തെ തുടര്‍ന്നാണ് നഴ്സ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. യുവതിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചീഫ് നഴ്സിങ് ഓഫീസര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ തുടര്‍ച്ചയായി മാനസിക പീഡനത്തിനിരയാക്കിയതായാണ് ഉയര്‍ന്ന ആരോപണം. ഇരുവര്‍ക്കുമെതിരെ മുന്‍പും പരാതികള്‍ ഉയര്‍ന്നിരുന്നതായി ആശുപത്രിയിലെ ചില ജീവനക്കാര്‍ പറഞ്ഞിരുന്നു. ഇവരുടെ പീഡനത്തെ തുടര്‍ന്ന് പലര്‍ക്കും ജോലി നിര്‍ത്തിപോകേണ്ടിവന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ശമ്പളവുമായി ബന്ധപ്പെട്ടും ജോലി സമയം സംബന്ധിച്ചും പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇക്കാര്യങ്ങള്‍ പല തവണ മാനേജ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ലെന്നും ജീവനക്കാര്‍ പറഞ്ഞിരുന്നു.
Content Highlights: Three Suspended After Nurse Attempt to die herself at Thodupuzha Smitha Hospital