

ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രം 'കാട്ടാളൻ' നാളെ ആഗോള റിലീസിന് ഒരുങ്ങുന്നു. ദിവസങ്ങൾക്ക് മുൻപേ അഡ്വാൻസ് ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ കാട്ടാളനിൽ ഉണ്ണി മുകുന്ദൻ ഭാഗമല്ലെന്ന് വ്യക്തമാക്കുകയാണ് ഉണ്ണി മുകുന്ദൻ ഫിലിംസ്. ‘കാട്ടാളൻ’ സിനിമയുമായോ മറ്റേതെങ്കിലും യൂണിവേഴ്സുമായോ നടന് യാതൊരു ബന്ധവുമില്ലെന്നും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ അവസാനിപ്പിക്കണമെന്നും ഉണ്ണി മുകുന്ദൻ ഫിലിംസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
'യഥാർഥമായ കഥപറച്ചിലിന്റെയും സിനിമ നിർമാണത്തിന്റെയും ഓരോ ചുവടുവെയ്പും ആഘോഷിക്കുന്നതിലാണ് ഉണ്ണി മുകുന്ദന് ഫിലിംസ് (UMF) വിശ്വസിക്കുന്നത്. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ രണ്ടാമത്തെ സംരംഭത്തിന് (കാട്ടാളൻ) ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അവരുടെ ആദ്യ സംരംഭമായ ‘മാര്ക്കോ’യുടെ ഭാഗമാകാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു, അതിൽ ഞങ്ങള് സഹ നിർമാതാക്കളായിരുന്നു, അതൊരു അഭിമാനകരമായ യാത്രയായിരുന്നു. ടീമിലെ എല്ലാവർക്കും എല്ലാ ആശംസകളും, വരും ദിവസങ്ങളിൽ ഇനിയും ഒരുപാട് നാഴികക്കല്ലുകൾ താണ്ടാൻ കഴിയട്ടെ എന്നും ആശംസിക്കുന്നു.
ഉണ്ണി മുകുന്ദന്റെ എല്ലാ അഭ്യുദയകാംക്ഷികൾക്കും, നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഞങ്ങൾ അഗാധമായി കടപ്പെട്ടിരിക്കുന്നു. ദയവായി ഒരു കാര്യം വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു: ഉണ്ണി മുകുന്ദൻ ഈ പ്രോജക്റ്റിന്റെ ഭാഗമോ അല്ലെങ്കിൽ ഏതെങ്കിലും യൂണിവേഴ്സിന്റെ ഭാഗമോ അല്ല. ഈ വിഷയത്തിൽ ഞങ്ങളുമായി കൂടുതൽ ബന്ധപ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് ആരാധകരും പ്രേക്ഷകരും ദയവായി ഒഴിവാക്കണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ തുടർച്ചയായ സ്നേഹത്തിനും വിശ്വാസത്തിനും പ്രോത്സാഹനത്തിനും എല്ലാവർക്കും നന്ദി', പത്രക്കുറിപ്പിന്റെ പൂർണരൂപം.
ബുക്ക് മൈ ഷോയിൽ ഗംഭീര ബുക്കിങ് ട്രെൻഡ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ ആഗോള ഓപ്പണിങ് കളക്ഷനുകളിലൊന്ന് കാട്ടാളൻ സ്വന്തമാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാൻ- ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ബ്രഹ്മാണ്ഡ റിലീസുകളിലൊന്നായാണെത്തുക. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മാർക്കോ' എന്ന പാൻ- ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രമാണിത്.
Content Highlights: Amid growing speculation online, Unni Mukundan Films issued a clarification stating that Unni Mukundan is not involved in Kaattalan. The production house also confirmed that the movie is not linked to any shared cinematic universe.