

ദുബായ്-അബുദാബി എമിറേറ്റുകളില്‍ ബലിപെരുന്നാളിന് സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. പൊതുപാര്‍ക്കിങ് കേന്ദ്രങ്ങളില്‍ ഈ മാസം 25 മുതല്‍ 29 വരെയാണ് പാര്‍ക്കിങ് സൗജന്യം. പെരുന്നാള്‍ അവധിക്കാലത്ത് ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തനസമയത്തിലും മാറ്റമുണ്ട്. അബുദാബിയില്‍ ടോള്‍നിരക്കും സൗജ്യമാണ്.
ബലിപെരുന്നാള്‍ അവധി ദിനങ്ങളില്‍ ദുബായ് അബുദാബി, ഷാര്‍ജ അടക്കമുള്ള എമിറേറ്റുകളിലാണ് സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായിലും അബുദാബയിലും മെയ് 25 മുതല്‍ 29 വരെ പാര്‍ക്കിങ് സൗജന്യമാണ്. ദുബായിലെ മള്‍ട്ടി സ്റ്റോറി പാര്‍ക്കിങ്ങുകള്‍ ഒഴികെയുള്ള എല്ലാ പൊതുപാര്‍ക്കിങ് കേന്ദ്രങ്ങളിലും സൗജന്യപാര്‍ക്കിങ് ലഭിക്കും. ശനിയാഴ്ച മുതല്‍ പതിവുപോലെ പാര്‍ക്കിങ് നിരക്ക് ഈടാക്കിത്തുടങ്ങുമെന്നും ആര്‍ടിഎ അറിയിച്ചു.
പെരുന്നാള്‍ തിരക്ക് പ്രമാണിച്ച് ദുബായ് മെട്രോയുടെയും ട്രാമിന്റെയും സര്‍വീസ് സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മെട്രോ റെഡ്, ഗ്രീന്‍ ലൈനുകള്‍ തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളിലും കൂടാതെ ശനിയാഴ്ചകളിലും രാവിലെ അഞ്ച് മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒന്ന് വരെ സര്‍വീസ് നടത്തും. ഞായറാഴ്ചകളില്‍ രാവിലെ എട്ട് മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒരു മണി വരെയായിരിക്കും മെട്രോ സര്‍വീസ്. ദുബായ് ട്രാം തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളിലും ശനിയാഴ്ചകളിലും രാവിലെ ആറ് മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒന്ന് വരെയും ഞായറാഴ്ചകളില്‍ രാവിലെ 9 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒരു മണി വരെയും സര്‍വീസ് നടത്തും.
അവധിക്കാലത്തെ ദുബായ് ബസ് സമയവിവരങ്ങള്‍ അറിയാന്‍ പൊതുജനങ്ങള്‍ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ പരിശോധിക്കേണ്ടതാണ്. പെരുന്നാള്‍ അവധി പ്രമാണിച്ച് അതോറിറ്റിയുടെ കസ്റ്റമര്‍ ഹാപ്പിനസ് കേന്ദ്രങ്ങള്‍ക്ക് അവധിയായിരിക്കും. എന്നാല്‍ ഉമ്മു റമൂലിലെ കേന്ദ്രവും ദെയ്റ, അല്‍ ബര്‍ഷ, അല്‍ തവാര്‍, അല്‍ കിഫാഫ് എന്നിവിടങ്ങളിലെ സ്മാര്‍ട്ട് കിയോസ്‌കുകളും ആര്‍ടിഎ പ്രധാന കാര്യാലയത്തിലെ കിയോസ്‌കും പതിവുപോലെ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും.
വാഹന പരിശോധനാ കേന്ദ്രങ്ങള്‍ക്ക് 26 മുതല്‍ 29 വരെ അവധിയായിരിക്കും. 30 മുതല്‍ ഈ കേന്ദ്രങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്നും ആര്‍ടിഎ അറിയിച്ചു. അബുദാബിയില്‍ ടോള്‍നിരക്കും സൗജ്യമാണ്. സാസ് അല്‍ നഖ്ല്‍, അല്‍ മഖ്ത, റബ്ദാന്‍, അല്‍ സാദിയാത്ത് എന്നീ ടോള്‍ഗേറ്റുകളിലാണ് സൗജന്യം. എന്നാല്‍ അല്‍ ഖുറം, ഗണ്ടൂത് ഗേറ്റുകള്‍ക്ക് ഇത് ബാധകമല്ല, ഇവിടെ ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ടോള്‍ഗേറ്റിലൂടെ ഓരോ ക്രോസിംഗിനും നാല് ദിര്‍ഹം ഫീസ് ഈടാക്കും.
Content Highlights: Dubai and Abu Dhabi authorities have confirmed that parking will be free during the Eid Al-Adha festival. This initiative aims to facilitate easier access to shopping centers, mosques, and public areas during the holiday.