

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം നിഷേധിച്ച ഉത്തരവിന്റെ ശരിതെറ്റുകള്‍ സുപ്രീംകോടതിയുടെ വിശാലബെഞ്ച് പരിശോധിക്കും. കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്ക് ആറ് മാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ച വിധിയിലാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാറും പി ബി വരാലെയും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം. യുഎപിഎ കേസുകളിലും ജാമ്യമാണ് നിയമം എന്ന് വ്യക്തത വരുത്തിയ വിധി പുനപരിശോധിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തിലാണ് നടപടി.
വിശാല ബെഞ്ച് പരിഗണിക്കുന്നതില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കണമെന്നാണ് രണ്ടംഗ ബെഞ്ച് നല്‍കിയ ശുപാര്‍ശ. യുഎപിഎ നിയമത്തിലെ ജാമ്യ വ്യവസ്ഥകള്‍ മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമല്ല എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ജാമ്യം പൊതുനിയമമാണ് എന്ന തത്വം ഒരുപോലെ ബാധകമാക്കാന്‍ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തു. തുടര്‍ന്നാണ് കെ എ നജീബ്, ഉമര്‍ ഖാലിദ് കേസുകളിലെ വിധികളില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യം ഉയര്‍ത്തിയത്.
അതിനിടെ കേസിൽ ഉമര്‍ ഖാലിദിന് ഡല്‍ഹി ഹൈക്കോടതി മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കണമെന്നും ഒരു മൊബൈല്‍ ഫോണ്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും നിർദേശമുണ്ട്. ജസ്റ്റിസുമാരായ പ്രതിഭ എം സിങ്, മധു ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതായിരുന്നു നടപടി.
അസുഖബാധിതയായ മാതാവിൻ്റെ ശസ്ത്രക്രിയക്കായി പതിനഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉമർ ഖാലിദ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഉമറിൻ്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഡൽഹി കർക്കർദൂമ അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. ജാമ്യം നൽകുന്നതിന് മതിയായ കാരണങ്ങളില്ലെന്ന് പറഞ്ഞായിരുന്നു കോടതിയുടെ നടപടി. ഇതോടെയാണ് ഉമർ ഹൈക്കോടതിയെ സമീപിച്ചത്.
Content Highlights: The Supreme Court is set to review court orders denying bail to Umar Khalid in the Delhi riots conspiracy case.