

ഹോര്‍മൂസ് കടലിടുക്ക് പ്രതിസന്ധിയിൽ യുഎന്നില്‍ സംയുക്ത നീക്കത്തിന് തയ്യാറെടുത്ത് ബഹ്‌റൈനും അമേരിക്കയും. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നടത്തുന്ന ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബഹ്‌റൈനും അമേരിക്കയും ചേര്‍ന്ന് യുഎന്‍ രക്ഷാസമിതിയില്‍ സംയുക്ത പ്രമേയം അവതരിപ്പിക്കുമെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ:അബ്ദുല്‍ ലത്തീഫ് അല്‍ സയാനി വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മേഖലയെ അതീവ ആശങ്കജനകമായ സാഹചര്യത്തിലേക്ക് നയിച്ചിരിക്കുകയാണെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ സയാനി വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു ഇതു സംബന്ധിച്ച അഭിപ്രായം അദ്ദേഹം പങ്കുവച്ചത്. ഇറാന്റെ നടപടികള്‍ മൂലം 87 രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 1,600 കപ്പലുകള്‍ ഗള്‍ഫ് മേഖലയിലുടനീളം കുടുങ്ങിക്കിടക്കുകയാണ്. 23,000ത്തിലധികം കപ്പല്‍ ജീവനക്കാരുടെ സുരക്ഷക്കും ഇത് ഭീഷണിയാണ്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ കപ്പലുകള്‍ക്ക് നേരെ 32-ത്തിലധികം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അടുത്തിടെ ഫ്രഞ്ച് കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ 10 ജീവനക്കാര്‍ കൊല്ലപ്പെട്ട സംഭവം മേഖലയിലെ ആശങ്ക കൂടുതല്‍ ശക്തമാക്കിയതായും വിദേശ കാര്യമന്ത്രി അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നടത്തുന്ന ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയുമായി ചേര്‍ന്ന് യുഎന്‍ രക്ഷാസമിതിയില്‍ ബഹ്‌റൈന്‍ സംയുക്ത പ്രമേയം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും കടലില്‍ സ്ഥാപിച്ച മൈനുകള്‍ നീക്കം ചെയ്യണമെന്നും ജിസിസി രാജ്യങ്ങളുടെ പിന്തുണയോടെ തയ്യാറാക്കിയ പ്രമേയം ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ ഇറാന്‍ തയ്യാറാകാത്ത പക്ഷം കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ യുഎന്‍ രക്ഷാസമിതി തയ്യാറാകാണമെന്നും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.
Content Highlights: Bahrain and the United States are preparing a joint diplomatic initiative at the United Nations amid growing concerns over the strategic Hormuz Strait crisis.