അപകടകരമായ രീതിയില്‍ സ്റ്റണ്ടിങ്; വാഹനം പിടിച്ചെടുത്ത് ഷാര്‍ജ പൊലീസ്.

ഷാര്‍ജയിലെ ജനവാസ മേഖലയിലായിരുന്നു അപകടകരമായ അഭ്യാസ പ്രകടനം

അപകടകരമായ രീതിയില്‍ സ്റ്റണ്ടിങ്; വാഹനം പിടിച്ചെടുത്ത് ഷാര്‍ജ പൊലീസ്.
dot image

അപകടകരമായ രീതിയില്‍ സ്റ്റണ്ട് നടത്തിയ വാഹനം പിടിച്ചെടുത്ത് ഷാര്‍ജ പൊലീസ്. ഡ്രൈവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും നിയമ ലംഘകര്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്നും ഷാര്‍ജ പൊലീസ് മുന്നറിയിപ്പ് നല്‍കി.

ഷാര്‍ജയിലെ ജനവാസ മേഖലയിലായിരുന്നു അപകടകരമായ അഭ്യാസ പ്രകടനം. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ കറുത്ത നിറത്തിലുള്ള ഒരു കാര്‍ റോഡില്‍ നിയന്ത്രണം വിട്ട രീതിയില്‍ വശങ്ങളിലേക്ക് സ്ലൈഡ് ചെയ്ത് സ്റ്റണ്ടുകള്‍ നടത്തുന്നതായി കാണാം. തുടര്‍ന്ന് വാഹനം റോഡരികിലെ മണല്‍ പ്രദേശത്തേക്ക് പാഞ്ഞുകയറി അതിവേഗത്തില്‍ റോഡിലേക്ക് പ്രവേശിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്.

പ്രദേശത്ത് പൊടി പടലങ്ങള്‍ ഉയരുന്നതിനും ഇത് കാരണമായി. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും പ്രദേശവാസികള്‍ നല്‍കിയ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ വാഹനം പൊലീസ് പിടിച്ചെടുത്തു. പിന്നാലെ ഡ്രൈവറയെയും അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ നിയമനടപടികള്‍ക്ക് പുറമെ കനത്ത പിഴയും ചുമത്തിയിട്ടുണ്ട്. വാഹനം വിട്ടുകിട്ടാല്‍ വിടുതല്‍ ഫീസായി വലിയ തുക വേറെയും നല്‍കേണ്ടി വരും.

ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ഷാര്‍ജ പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള അപകടകരമായ ഡ്രൈവിങ് സ്വന്തം സുരക്ഷക്കൊപ്പം മറ്റുള്ളവരുടെ ജീവനും ഭീഷണിയാണെന്നും പൊലീസ് ഓര്‍മിപ്പിച്ചു. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും മുന്നറയിപ്പില്‍ പറയുന്നു. നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി അത്യാധുനിക ക്യാമറകള്‍ ഉപയോഗിച്ചുള്ള പരിശോധനകളാണ് ഷാര്‍ജയിലുടനീളം പൊലീസിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം അറിയിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Content Highlights: Sharjah Police have seized a vehicle after dangerous stunt driving on public roads, warning against reckless driving and violations that endanger lives.

dot image
To advertise here,contact us
dot image