

യുഎഇയില്‍ ദിവസേന നടക്കുന്നത് ശരാശരി എട്ട് ലക്ഷത്തോളം സൈബര്‍ ആക്രമണ ശ്രമങ്ങള്‍. യുഎഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ മേധാവി ഡോ. മുഹമ്മദ് അല്‍ കുവൈത്തിയാണ് ഇക്കാര്യം അറിയിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് കൂടുതല്‍ സങ്കീര്‍ണമായ രീതികളാണ് ഹാക്കര്‍മാര്‍ പിന്തുടരുന്നതെന്നും സൈബര്‍ മേധാവി വ്യക്തമാക്കി.
ഫുജൈറയില്‍ നടന്ന ബോധവല്‍ക്കരണ സെഷനിലാണ് യുഎഇയിലെ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട കണക്കുകള്‍ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ മേധാവി ഡോ. മുഹമ്മദ് അല്‍ കുവൈറ്റി പുറത്തുവിട്ടത്. മുന്‍പ് പ്രതിദിനം രണ്ട് ലക്ഷത്തോളം ഉണ്ടായിരുന്ന ആക്രമണ ശ്രമങ്ങള്‍ ഇപ്പോള്‍ എട്ട് ലക്ഷമായി ഉയര്‍ന്നു. സാധാരണ സാഹചര്യങ്ങളില്‍ പോലും ഡിജിറ്റല്‍ ഭീഷണികള്‍ക്ക് ഒട്ടും കുറവില്ല.
എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആക്രമണശ്രമങ്ങളാണ് ഇപ്പോള്‍ കൂടുതലായി നടക്കുന്നത്. ഇത് ആക്രമണങ്ങളുടെ വേഗവും കൃത്യതയും കൂട്ടുന്നതായും സൈബര്‍ മേധാവി ചൂണ്ടിക്കാട്ടി. 350ഓളം സംഘടിത ഗ്രൂപ്പുകളെയും മുന്നൂറിലധികം അമച്വര്‍ ഹാക്കര്‍മാരെയും അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ടെലഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ 5000ൽ അധികം ചാനലുകള്‍ നിരീക്ഷണത്തിലാണ്. സാമ്പത്തിക തട്ടിപ്പുകള്‍ മുതല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് പൊതുജനാഭിപ്രായം മാറ്റുന്നതിന് വരെയുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിച്ചാണ് ഇത്തരം സംഘങ്ങള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത്. ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ബന്ധമുള്ള ഗ്രൂപ്പുകളും യുഎഇയെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും മുഹമ്മദ് അല്‍ കുവൈറ്റി പറഞ്ഞു. പാസ് വേഡുകള്‍ ഇടയ്ക്കിടെ മാറ്റുക, ഫോണിലെയും കംപ്യൂട്ടറിലെയും സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യുക, സംശയാസ്പദ ലിങ്കുകളിലും ആപ്പുകളിലും ക്ലിക്ക് ചെയ്യാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പിന്‍തടരണമെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Content Highlights: UAE authorities revealed that nearly 800,000 cyber attack attempts occur daily across the country, highlighting the growing need for stronger cybersecurity measures and digital protection.