

പശ്ചിമേഷ്യൻ സംഘര്‍ഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ദുബായിലെ ക്രൈസ്തവ ദേവാലയങ്ങളിലും ഹിന്ദു, സിഖ് ആരാധനാലയങ്ങളിലും പൊതു പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ദുബായ് ജബല്‍ അലിയിലെ ഹിന്ദു ക്ഷേത്രവും അബുദാബിയിലെ ബാപ്‌സ് ടെമ്പിളും താല്‍ക്കാലികമായി അടച്ചു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി.
സുരക്ഷാ നടപടികളുടെ ഭാഗാമായി ദുബായിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ദുഖവെള്ളിയുടെ ഭാഗമായി ഇന്ന് നടക്കേണ്ടിയിരുന്ന തിരുക്കര്‍മങ്ങള്‍ ഒഴിവാക്കി. എന്നാല്‍ ചില പള്ളികള്‍ ഓണ്‍ലൈനായി പ്രാര്‍ത്ഥനക്ക് അവസരമൊരുക്കി. ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പള്ളികളില്‍ നേരിട്ടുളള ശുശ്രൂഷകള്‍ ഉണ്ടാകില്ലെന്നാണ് ദുബായിലെ വിവിധ ദേവാലയങ്ങളുടെ പ്രതിനിധികള്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ തുടങ്ങിയ വിവിധ എമിറേറ്റുകളില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ മുടക്കമില്ലാതെ നടക്കുന്നു. അതിനിടെ അബുദാബി ബാപ്സ് മന്ദിറില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ക്ഷേത്ര ഭരാവാഹികള്‍ അറിയിച്ചു.
ലോകസമാധാനത്തിനായി സ്വാമിമാരുടെ നേതൃത്വത്തില്‍ മന്ദിറിനുള്ളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ തുടരും. ദുബായിലെ ഹിന്ദു ക്ഷേത്രവും താത്കാലികമായി അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ക്ഷേത്രം തുറക്കില്ലെന്ന് ക്ഷേത്ര ഭരണസമിതിയുടെ അറിയിപ്പില്‍ പറയുന്നു.
ക്ഷേത്രത്തിന് അടുത്തുള്ള ഗുരുനാനാക് ഗുരുദ്വാരയും താത്കാലികമായി അടച്ചിട്ടുണ്ട്.
ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും നിലവിലെ സാഹചര്യത്തില്‍ എല്ലാവരും ശാന്തത പാലിക്കണമെന്നും ഭരണസമിതികള്‍ അഭ്യര്‍ത്ഥിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിലവിലുളള സുരക്ഷാ ക്രമീകരണങ്ങള്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Content Highlights: Amid escalating West Asia conflict, Dubai imposes restrictions on prayer gatherings in religious centers as part of heightened security measures.