ഗൾഫ് രാജ്യങ്ങൾക്ക് നേരെ തുടർച്ചയായ 30-ാം ദിവസവും ഇറാൻ ആക്രമണം; ശക്തമായി പ്രതിരോധിച്ച് യുഎഇ

യുഎഇയെ ലക്ഷ്യമാക്കി ഇന്നും ഇറാന്റെ ആക്രമണ ശ്രമങ്ങളുണ്ടായി

ഗൾഫ് രാജ്യങ്ങൾക്ക് നേരെ തുടർച്ചയായ 30-ാം ദിവസവും ഇറാൻ ആക്രമണം; ശക്തമായി പ്രതിരോധിച്ച് യുഎഇ
dot image

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ആക്രമണം തുടര്‍ന്ന് ഇറാന്‍. യുഎഇക്ക് നേരെ ഇറാന്‍ തൊടുത്ത 16 ബാലിസ്റ്റിക് മിസൈലുകളും 42 ഡ്രോണുകളും ഇന്ന് വ്യോമപ്രതിരോധ സേന വിജയകരമായി തകര്‍ത്തു. ബഹ്റൈനിലെ പ്രമുഖ വ്യവസായ സ്ഥാപനമായ അലുമിനിയം ബഹ്റൈന്റെ ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു.

തുടര്‍ച്ചയായ മുപ്പതാം ദിവസവും ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിടുകയാണ് ഇറാന്‍. യുഎഇയെ ലക്ഷ്യമാക്കി ഇന്നും ഇറാന്റെ ആക്രമണ ശ്രമങ്ങളുണ്ടായി. 16 ബാലിസ്റ്റിക് മിസൈലുകളും 42 ഡ്രോണുകളുമാണ് ഇന്ന് യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം നേരിട്ടത്. ഇറാന്റെ ആക്രമണം ആരംഭിച്ചതിന് ശേഷം ഇതുവരെ ആകെ 414 ബാലിസ്റ്റിക് മിസൈലുകള്‍, 15 ക്രൂയിസ് മിസൈലുകള്‍, 1,914 ഡ്രോണുകള്‍ എന്നിവ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ബഹ്റൈനിലെ പ്രമുഖ വ്യവസായ സ്ഥാപനമായ അലുമിനിയം ബഹ്റൈന്റെ ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. കുവൈറ്റിനെ ലക്ഷ്യമാക്കിയും പല തവണ ഇറാന്‍ ഡ്രോണുകളും മിസൈലുകളും അയച്ചു. ആറ് ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം കുവൈറ്റിലെ ഷോപ്പിംഗ് മാളില്‍ സുരക്ഷാ ഭീഷണി ഉണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

നിലവിലെ സാഹചര്യം സാധാരണ നിലയിലാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. സൗദിയിലെ റിയാദ് ലക്ഷ്യമാക്കി നടന്ന ആക്രമണങ്ങള്‍ തടഞ്ഞതായി പ്രതിരോധ മന്ത്രാലം വ്യക്തമാക്കി. ഒമാനെ ലക്ഷ്യമിട്ട് അടുത്തിടെ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ഉറവിടവും ലക്ഷ്യവും കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ആക്രമണങ്ങളെ ശക്തമായി അപലപിച്ച ഒമാന്‍, ഭീരുത്വപരവും നിഗൂഢസ്വഭാവമുള്ളതുമായ നടപടിയാണ് ഇതെന്നും അഭിപ്രായപ്പെട്ടു. അതേസമയം മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ രണ്ട് സര്‍വ്വകലാശാലകള്‍ക്ക് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Content Highlights: Iran continues its attacks on Gulf countries for the 30th consecutive day, while the UAE mounts a strong defense amid escalating regional tensions.

dot image
To advertise here,contact us
dot image