

അബുദാബി: ബിഗ് ടിക്കറ്റിന്റെ മാർച്ച് മാസത്തിലെ മൂന്നാം വാരത്തെ ഇ-നറുക്കെടുപ്പിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ ഭാഗ്യശാലികളായി. ഓരോരുത്തർക്കും 200 ഗ്രാം വീതമുള്ള 24 കാരറ്റ് സ്വർണ്ണക്കട്ടികളാണ് സമ്മാനമായി ലഭിച്ചത്. വിജയികളിൽ മൂന്ന് പേർ കേരളത്തിൽ നിന്നുള്ളവരും ഒരാൾ പാകിസ്താൻ സ്വദേശിയുമാണ്.
ഈ മാസത്തെ ബിഗ് ടിക്കറ്റ് പ്രൊമോഷന്റെ ഭാഗമായുള്ള രണ്ട് കോടി ദിർഹത്തിന്റെ ബംബർ സമ്മാന നറുക്കെടുപ്പ് 2026 ഏപ്രിൽ മൂന്നിന് നടക്കും. തത്സമയ നറുക്കെടുപ്പിലൂടെയാണ് ഈ വൻ തുകയുടെ വിജയിയെ കണ്ടെത്തുക.
ബിഗ് ടിക്കറ്റ് നേട്ടത്തിൽ വിജയികൾ സന്തോഷം പങ്കുവെച്ചു. വിജയികളിലൊരാളായ സുനീഷ് കൃഷ്ണൻ എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബിഗ് ടിക്കറ്റ് വിജയം സ്വന്തമാക്കിയത്. മൂന്ന് എന്ന അക്കത്തിൽ അവസാനിക്കുന്ന ടിക്കറ്റുകൾ എടുക്കുന്നതാണ് ഇദ്ദേഹത്തിൻ്റെ രീതി. വിജയം നേടിയ സമ്മാനത്തുക നാല് സുഹൃത്തുക്കളുമായി പങ്കിടും. തന്റെ വിഹിതം ഇന്ത്യയിലെ ഒരു അനാഥാലയത്തിന് നൽകാനാണ് സുനീഷ് ആഗ്രഹിക്കുന്നത്.
പാകിസ്താൻ സ്വദേശിയായ മുഹമ്മദ് അസ്ഹർ അബുദാബിയിൽ ഡ്രൈവറാണ്. 39-കാരനായ മുഹമ്മദ് അസ്ഹറിനും ഇത് ആദ്യത്തെ വിജയമാണ്. നാല് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. വിജയിച്ച വിവരം അറിഞ്ഞപ്പോൾ താൻ പൂർണ്ണമായും നിശബ്ദനായിപ്പോയെന്നും വിശ്വസിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
ദുബായിൽ ബിസിനസുകാരനായ ശരത് ബാലൻ ആണ് വിജയിയായ മറ്റൊരു മലയാളി. കഴിഞ്ഞ 20 വർഷമായി കുടുംബത്തോടൊപ്പം ശരത് യുഎഇയിലുണ്ട്. മീറ്റിംഗിലായിരുന്നതിനാൽ ഭാഗ്യവിവരം അറിയിക്കാനായുള്ള ആദ്യ ഫോൺ കോൾ അദ്ദേഹത്തിന് സ്വീകരിക്കാൻ കഴിഞ്ഞില്ല. പിന്നീട് ഓൺലൈനിൽ പരിശോധിച്ചപ്പോഴാണ് താൻ വിജയിച്ച വിവരം അറിഞ്ഞത്.
കഴിഞ്ഞ മൂന്ന് വർഷമായി ടിക്കറ്റെടുക്കുന്ന ഇബ്രാഹിം കേരളത്തിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ്. ആറ് സുഹൃത്തുക്കളോടൊപ്പമാണ് ടിക്കറ്റ് എടുത്തത്. ഈ വർഷം അവസാനം കാനഡയിലേക്ക് കുടിയേറാൻ തയ്യാറെടുക്കുന്ന ഇബ്രാഹിം, സമ്മാനത്തുക തന്റെ ഭാവി കാര്യങ്ങൾക്കായി കരുതിവെക്കുമെന്ന് അറിയിച്ചു. 20 വർഷമായി ബിഗ് ടിക്കറ്റെടുക്കുന്ന പിതാവിൽ നിന്നാണ് അദ്ദേഹം ഇതിനെക്കുറിച്ച് അറിഞ്ഞത്.
Content Highlights: Three out of four winners in the Big Ticket draw are Malayalis, marking a major lottery success for the Kerala expatriate community