

യുഎഇയില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ഫോണിലൂടെ ലഭിക്കുന്ന മുന്നറിയിപ്പ് സന്ദേശങ്ങളുടെ പ്രവര്‍ത്തനം വിശദീകരിച്ച് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി. എന്തുകൊണ്ട് ചില സമയങ്ങളില്‍ എല്ലാവര്‍ക്കും സന്ദേശം ലഭിക്കുന്നില്ല എന്ന പൊതുജനങ്ങളുടെ സംശയങ്ങള്‍ക്കും അധികൃതര്‍ വ്യക്തത വരുത്തി.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി യുഎഇയിലെ താമസക്കാര്‍ക്ക് ഏറെ പരിചിതമാണ് ഫോണിലേക്ക് ഇടക്കിടെ എത്തുന്ന അടിയന്തര മുന്നറിയിപ്പ് ശബ്ദം. ഇറാനില്‍ നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നേരിടുന്നു എന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിക്കുമ്പോഴാണ് ഇത്തരം മുന്നറിയിപ്പുകള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. ഭീഷണി ഇല്ലാതാകുന്ന മുറക്ക് സാഹചര്യം സുരക്ഷിതമാണെന്ന സന്ദേശവും നല്‍കാറുണ്ട്.
രാജ്യത്തെ സൈനിക നീക്കങ്ങള്‍ക്കിടയില്‍ ചിലര്‍ക്ക് മാത്രം മൊബൈലില്‍ മുന്നറിയിപ്പ് ലഭിക്കുകയും മറ്റുള്ളവര്‍ക്ക് ലഭിക്കാതിരിക്കുകയും ചെയ്യുന്നത് സംവിധാനത്തിന്റെ തകരാറല്ലെന്ന് അധികൃതര്‍ അറിയിച്ചു. വാണിംഗ് സിസ്റ്റം പൂര്‍ണ്ണമായും ജിയോലൊക്കേഷന്‍ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഒരു പ്രത്യേക അപകടം ഏത് പ്രദേശത്തെയാണോ നേരിട്ട് ബാധിക്കുന്നത്, ആ മേഖലയിലുള്ളവര്‍ക്ക് മാത്രമാണ് അലേര്‍ട്ടുകള്‍ ലഭിക്കുക.
അപകടത്തിന്റെ സ്വഭാവം, അതിന്റെ വ്യാപ്തി, ആഘാതം എന്നിവ കണക്കിലെടുത്താണ് സന്ദേശങ്ങള്‍ അയക്കുന്നത്. മിസൈലുകള്‍ പ്രതിരോധിക്കുമ്പോഴുണ്ടാകുന്ന ശബ്ദങ്ങള്‍ അടുത്ത പ്രദേശങ്ങളില്‍ കേള്‍ക്കാന്‍ സാധിച്ചേക്കാമെങ്കിലും ആ പ്രദേശം സുരക്ഷിതമാണെങ്കില്‍ അവിടെയുള്ളവരുടെ ഫോണുകളില്‍ അലേര്‍ട്ട് ലഭിക്കില്ല. ഇത് സംവിധാനത്തിന്റെ കൃത്യത ഉറപ്പാക്കുന്നതിനും അനാവശ്യ പരിഭ്രാന്തി ഒഴിവാക്കുന്നതിനുമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
രാത്രികാലങ്ങളില്‍ താമസക്കാരുടെ ഉറക്കത്തിന് തടസ്സമാകാത്ത രീതിയില്‍ അലേര്‍ട്ട് ടോണുകളില്‍ അടുത്തിടെ മാറ്റവും വരുത്തിയിരുന്നു. രാത്രി 10:30 മുതല്‍ രാവിലെ 9:00 വരെയുള്ള സമയത്ത് സാധാരണ ടെക്സ്റ്റ് മെസേജ് ടോണിലാണ് അലേര്‍ട്ടുകള്‍ നല്‍കുന്നത്. എന്നാല്‍ പകല്‍ സമയങ്ങളില്‍ പഴയതുപോലെ തന്നെ ഉയര്‍ന്ന ശബ്ദത്തിലുള്ള സൈറണ്‍ ശബ്ദം തുടരും.
Content Highlights: The UAE has explained how its public warning alert system works during missile and drone attacks, ensuring timely safety notifications to residents.