

ദുബായ് മിറാക്കിൾ ഗാർഡനിലെ സൗജന്യ പ്രവേശനം പരമാവധി പ്രയോജനപ്പെടുത്തി യുഎഇ നിവാസികൾ. മനോഹരമായ പുഷ്പാലങ്കാരങ്ങൾ ആസ്വദിക്കാൻ വൻ ജനക്കൂട്ടമാണ് ഈ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്. കുടുംബങ്ങൾക്കും സന്ദർശകർക്കും മാനസിക ഉല്ലാസത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കം മിറാക്കിൾ ഗാർഡനിൽ വലിയ തിരക്ക് അനുഭവപ്പെടാൻ കാരണമായി.
മാർച്ച് 15 മുതലാണ് ദുബായ് മിറാക്കിൾ ഗാർഡനിൽ പ്രവേശനം സൗജന്യമാക്കിയത്. മാർച്ച് 31 വരെ പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. പ്രവേശന ഫീസ് ഇല്ലാതെ തന്നെ കുടുംബങ്ങളോടൊപ്പം ഈ പുഷ്പാലങ്കാരങ്ങൾ സന്ദർശിക്കാൻ ഇതിലൂടെ സാധിക്കും.
ഇറാനുമായി ബന്ധപ്പെട്ട മേഖലയിലെ നിലവിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിലായിരുന്നു അധികൃതരുടെ ഈ നീക്കം. ഇത്തരം പ്രയാസകരമായ ഘട്ടത്തിൽ ജനങ്ങൾക്ക് മാനസികോല്ലാസത്തിനും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും ഈ അവസരം സഹായിക്കുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.
മിറാക്കിൾ ഗാർഡനിൽ സൗജന്യ പ്രവേശന കാലയളവിൽ ഉദ്യാനം ദിവസവും രാവിലെ ഒമ്പത് മണി മുതൽ രാത്രി ഒമ്പത് മണി വരെ തുറന്നുപ്രവർത്തിക്കും. സന്ദർശകർക്ക് മുൻകൂട്ടി ബുക്കിംഗ് ആവശ്യമില്ല. പ്രവേശനം അനുവദിക്കുന്ന ആളുകളുടെ എണ്ണത്തിന് പ്രത്യേക പരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ, നിവാസികൾക്ക് ഇഷ്ടമുള്ള സമയത്ത് ഉദ്യാനത്തിലേക്ക് വരാവുന്നതാണെന്ന് സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: The Dubai Miracle Garden witnessed a massive influx of visitors after announcing free entry for a limited period. UAE residents turned up in large numbers to explore the vibrant floral installations, making the most of the opportunity and boosting local tourism activity.