പശ്ചിമേഷ്യൻ സംഘർഷം; ഇത്തവണ ഈദ് ​ഗാഹുകളില്ല, നമസ്കാരം പള്ളികളിൽ മാത്രമെന്ന് യുഎഇ

വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം

പശ്ചിമേഷ്യൻ സംഘർഷം; ഇത്തവണ ഈദ് ​ഗാഹുകളില്ല, നമസ്കാരം പള്ളികളിൽ മാത്രമെന്ന് യുഎഇ
dot image

പശ്ചിമേഷ്യൻ സംഘർഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഈദുൽ ഫിത്തർ നമസ്കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തിയതായി യുഎഇ മതകാര്യ മന്ത്രാലയം. ഈദ് ഗാഹുകളിലോ തുറസായ സ്ഥലങ്ങളിലോ ഉള്ള ഒത്തുചേരലുകൾക്ക് നിയന്ത്രണമുണ്ടാകുമെന്നും ആരാധനാ കർമങ്ങൾ പള്ളികളിൽ മാത്രമെ നടക്കുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.

വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം. വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും നമസ്കാരത്തിനായി പള്ളികളിൽ നേരത്തെ എത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

റമദാൻ 29-ന് (മാർച്ച് 18) യുഎഇയിലെ ചന്ദ്രദർശന സമിതി ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കും. ബുധനാഴ്ച മാസപ്പിറവി കണ്ടാൽ മാർച്ച് 19 വ്യാഴാഴ്ച ഈദുൽ ഫിത്തർ ആഘോഷിക്കും. ഇനി ചന്ദ്രനെ കണ്ടില്ലെങ്കിൽ, റമദാൻ 30 പൂർത്തിയാക്കി മാർച്ച് 20 വെള്ളിയാഴ്ചയായിരിക്കും പെരുന്നാൾ. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഈ വർഷം റമദാൻ 30 ദിവസം പൂർത്തിയാകാനാണ് സാധ്യത. ഇത് ശരിയാണെങ്കിൽ, മാർച്ച് 20 വെള്ളിയാഴ്ചയായിരിക്കും ഈദുൽ ഫിത്തർ ആചരിക്കുക.

അതിനിടെ വിവിധ ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം ഇറാൻ തുടരുകയാണ്. യുഎഇയിൽ മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് പാകിസ്താൻ സ്വദേശി കൊല്ലപ്പെട്ടു. താൽക്കാലികമായി അടച്ച യുഎഇ വ്യോമപാത തുറന്നതോടെ വിമാന സർവീസുകൾ ഭാഗികമായി പുനസ്ഥാപിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി യുഎഇയിൽ ഓൺലൈൻ പഠനം രണ്ടാഴ്ച കൂടി നീട്ടി.

തുടർച്ചയായ പതിനെട്ടാം ദിവസവും ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം തുടരുകയാണ് ഇറാൻ. യുഎഇ തലസ്ഥാനമായ അബുദാബിയിലെ ബനിയാസിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ സുരക്ഷാ സേന ശക്തമായി പ്രതിരോധിച്ചു. എന്നാൽ മിസൈലിന്റെ അവശിഷ്ടങ്ങൾ വീണ് ഒരു പാകിസ്താൻ സ്വദേശിക്ക് ജീവൻ നഷ്ടമായി. ഇതോടെ യുഎഇയിൽ ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി.

ഫുജൈറയിൽ ഡ്രോണാക്രമണത്തിൽ ഇൻഡസ്ട്രിയൽ മേഖലയിൽ തീപിടുത്തമുണ്ടായി. ഇന്നലെ രാത്രി നടന്ന ഉണ്ടായ തീപിടിച്ച അബുദാബിയിലെ ഓയിൽ ഫീൽഡിൽ സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്റെ ആക്രമണം ശക്തമായതോടെ ഇന്ന് പുലർച്ചെ താൽക്കാലികമായി അടച്ച യുഎഇ വ്യോമപാത ഒരു മണിക്കൂറിന് ശേഷം വീണ്ടും തുറന്നു. ഖത്തറിലെ വ്യവസായ മേഖലയിലും ഇറാന്റ മിസൈൽ ആക്രമണത്തിൽ തീപിടുത്തമുണ്ടായി. എന്നാൽ ആക്രമത്തെ ശക്തമായി പ്രതിരോധിക്കാൻ സുരക്ഷാ സേനക്ക് കഴിഞ്ഞു. ബഹ്‌റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങൾക്ക് നേരെയും ഇറാന്റെ ആക്രമണ ശ്രമങ്ങളുണ്ടായി.

ഗൾഫ് രാജ്യങ്ങളെ ഇറാൻ ആക്രമിച്ചത് ഞെട്ടിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ഇറാനെ ആക്രമിച്ചതിലൂടെ മൂന്നാം ലോക മഹായുദ്ധം തടയുകയാണ് അമേരിക്ക ചെയ്തതെന്നും ട്രംപ് പറഞ്ഞു. എന്നാൽ യുദ്ധം അവസാനിപ്പിക്കുന്നതിനായ ചർച്ചക്ക് ശ്രമിച്ചെന്ന അമേരിക്കയുടെ വാദം തള്ളി ഇറാൻ രംഗത്തെത്തി. ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കാളികളാകില്ലെന്ന് നാറ്റോ സഖ്യകക്ഷികളും വ്യക്തമാക്കി.

Content Highlights: Amid West Asia tensions, UAE announces Eid prayers will be held only in mosques, with no Eidgah gatherings allowed this year.

dot image
To advertise here,contact us
dot image