ഷെയറിം​ഗ് താമസത്തിന് കടുത്ത നിയന്ത്രണം വരുന്നു; പുതിയ നിയമം പ്രഖ്യാപിച്ച് ദുബായ് ഭരണകൂടം

ഒരു മുറിയില്‍ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ താമസിക്കുന്നതിനും വിലക്കുണ്ട്

ഷെയറിം​ഗ് താമസത്തിന് കടുത്ത നിയന്ത്രണം വരുന്നു; പുതിയ നിയമം പ്രഖ്യാപിച്ച് ദുബായ് ഭരണകൂടം
dot image

ദുബായില്‍ ഷെയറിംഗ് താമസത്തിന് കടുത്ത നിയന്ത്രണങ്ങള്‍ വരുന്നു. താമസ കേന്ദ്രങ്ങളും മുറികളും പങ്കിടുന്നത് വ്യവസ്ഥാപിതമാക്കുന്നതിനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുതിയ നിയമം പ്രഖ്യാപിച്ചു. നിയമ ലംഘകര്‍ക്ക് 500 മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെയാണ് പിഴ.

ഒന്നിലധികം കുടുംബങ്ങള്‍ ചേര്‍ന്നോ ബാച്ചിലര്‍മാരും കുടുംബങ്ങളും ചേര്‍ന്നോ ഒരേ ഫ്‌ളാറ്റില്‍ താമസിക്കുന്നതിന് പ്രത്യേകം അനുമതി ആവശ്യമാണെന്ന് നിയമം വ്യക്തമാക്കുന്നു. ദുബായ് മുന്‍സിപ്പാലിറ്റിയുടെ പ്രത്യേക ലൈസന്‍സോ അനുമതിയോ ഇല്ലാതെ ഒരു കെട്ടിടവും താമസത്തിനായി ഷെയര്‍ ചെയ്യാന്‍ പാടില്ല. ഫ്‌ലാറ്റ് ഉടമയുടെ രേഖാമൂലമുളള അനുമതിയില്ലാതെ വാടകക്കാരന്‍ മാറ്റൊരാള്‍ക്ക് റൂമോ ബഡ്‌സ്‌പെയ്‌സോ വാടകക്ക് നല്‍കുന്നതും കുറ്റകരമാണ്.

ഒരു മുറിയില്‍ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ താമസിക്കുന്നതിനും വിലക്കുണ്ട്. നിലവില്‍ ഇത്തരത്തില്‍ താമസിക്കുന്നവര്‍ക്ക് നിയമ വിധേയമായ രീതിയിലേക്ക് മാറാന്‍ ഒരു വര്‍ഷത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്. ഷെയറിങ് റൂമുകള്‍ നിയമാനുസൃതമാക്കുക, നിലവാരം ഉറപ്പാക്കുക, എല്ലാവര്‍ക്കും മികച്ച താമസ അന്തരീക്ഷം ഒരുക്കുക, അമിതമായി ആളുകളെ താമസിപ്പിക്കുന്നത് തടയുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഒരു വര്‍ഷത്തേക്ക് നല്‍കുന്ന പെര്‍മിറ്റ് ഓരോ വര്‍ഷവും പുതുക്കണം. രണ്ട് വര്‍ഷത്തെ പെര്‍മിറ്റിനും കെട്ടിട ഉടമകള്‍ക്ക് അപേക്ഷിക്കാം. ഉടമയ്ക്കോ ലൈസന്‍സുള്ള സ്ഥാപനത്തിനോ മാത്രമേ താമസ യൂണിറ്റ് വാടകക്ക് നല്‍കാന്‍ അനുവാദമുള്ളു. വാടകക്കാര്‍ക്കോ മറ്റ് കക്ഷികള്‍ക്കോ അതിന്റെ ഏതെങ്കിലും ഭാഗം സബ് ലീസ് ചെയ്യാന്‍ അനുവാദമില്ല. നിയമലംഘകര്‍ക്ക് 500 മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. കുറ്റം ആവര്‍ത്തിച്ചാല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കും.

യുഎഇയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് ഇത്തരം ഷെയറിങ് റൂമുകളെയാണ്. താമസ കെട്ടിടങ്ങള്‍ വാടക്ക് എടുത്ത് പലര്‍ക്കായി വിഭജിച്ച് നല്‍കുന്ന പ്രവാസികളും നിരവധിയാണ്. ന്യായമായ വാടക രീതികളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ദുബായിയുടെ റിയല്‍ എസ്റ്റേറ്റ് വിപണിയെ സുസ്ഥിരവും ആകര്‍ഷകവുമായി നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് പുതിയ നിയമമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Content Highlights: Dubai authorities have announced strict new regulations on sharing accommodation, introducing tighter controls on shared housing in the emirate.

dot image
To advertise here,contact us
dot image