15 വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ ബിഗ് ടിക്കറ്റ് ഭാ​ഗ്യം സ്വന്തമാക്കി മലയാളി

കഴിഞ്ഞ 20 വർഷമായി ഒരു ട്രാൻസ്പോർട്ട് കമ്പനിയിൽ പിക്ക് അപ്പ് ഡ്രൈവറായി ജോലി ചെയ്യുന്ന വിബീഷ് യുഎഇയുടെ എല്ലാ ഭാ​ഗങ്ങളും സന്ദർശിച്ചിട്ടുണ്ട്

15 വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ ബിഗ് ടിക്കറ്റ് ഭാ​ഗ്യം സ്വന്തമാക്കി മലയാളി
dot image

അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാ​ഗ്യം സ്വന്തമാക്കി മലയാളി. കഴിഞ്ഞ 15 വർഷമായി ബിഗ് ടിക്കറ്റ് എടുത്തുകൊണ്ടിരുന്ന വിബീഷ് പള്ളിയാലിക്കാണ് തൻ്റെ ബന്ധുവിന് വേണ്ടി അവസാന നിമിഷം എടുത്ത ടിക്കറ്റിലൂടെ ഈ ഭാഗ്യം കൈവന്നത്. ഷാർജയിലെ ഒരു പിക്ക് അപ്പ് ഡ്രൈവറായ വിബീഷിനെ തേടി തികച്ചും അപ്രതീക്ഷിതമായാണ് ഭാ​ഗ്യമെത്തിയിരിക്കുന്നത്. 1.5 കോടി ദിർഹത്തിൻ്റെ (ഏകദേശം 34 കോടി രൂപ) ബമ്പറാണ് മലപ്പുറം സ്വദേശിയായ വിബീഷിന് സ്വന്തമായത്.

'ഫെബ്രുവരി ഏഴിന് ഇന്ത്യയിലേക്ക് പോകുന്ന സമയത്ത് ഞാൻ 1,000 ദിർഹത്തിൻ്റെ ഒരു സെറ്റ് ടിക്കറ്റുകൾ എടുത്തിരുന്നു. കൂടാതെ ഫെബ്രുവരി 28-ന് എൻ്റെ കസിനും രണ്ട് സുഹൃത്തുക്കളും വിളിച്ച് അവർക്കൊപ്പം ഒരു ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടു. ഈ മാസത്തെ എൻ്റെ ബജറ്റ് കഴിഞ്ഞുവെന്ന് ഞാൻ അവരോട് പറയാൻ ശ്രമിച്ചെങ്കിലും അവർ നിർബന്ധിച്ചുകൊണ്ടേയിരുന്നു. അവരെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാണ് ഞാൻ ആ ടിക്കറ്റ് എടുത്തത്. രാത്രി എട്ട് മണിക്ക് ഓൺലൈനായാണ് ഞാൻ അത് വാങ്ങിയത്. ആ ടിക്കറ്റാണ് ഇപ്പോൾ എനിക്ക് ഭാഗ്യം കൊണ്ടുവന്നിരിക്കുന്നത്.' വിബീഷ് ഖലീജ് ടൈംസിനോട് പറ‍ഞ്ഞു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഒരു ട്രാൻസ്പോർട്ട് കമ്പനിയിൽ പിക്ക് അപ്പ് ഡ്രൈവറായി ജോലി ചെയ്യുന്ന വിബീഷ് യുഎഇയുടെ എല്ലാ ഭാ​ഗങ്ങളും സന്ദർശിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം അബുദാബിയിൽ നിന്ന് സാധനങ്ങൾ എത്തിച്ച ശേഷം ഷാർജയിലെ വീട്ടിലേക്ക് മടങ്ങുന്ന വഴിക്കാണ് വിബീഷിനെ തേടി ബിഗ് ടിക്കറ്റിൽ നിന്നുള്ള ആ ഭാഗ്യഫോൺ വിളിയെത്തിയത്.

'ഞാൻ സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ആളായതുകൊണ്ട് കമ്പനിയിൽ നിന്ന് എനിക്ക് സാധാരണ വിളിക്കാറുണ്ട്. ടിക്കറ്റുകൾക്ക് ഓഫറുകൾ ഉണ്ടെന്ന് പറയാനായി മാസത്തിൻ്റെ പകുതിയിലോ അവസാനത്തോ ആണ് അവർ വിളിക്കാറുള്ളത്. മാസത്തിൻ്റെ തുടക്കത്തിൽ ഒരു വൈകുന്നേരം എന്തിനാണ് അവർ എന്നെ വിളിക്കുന്നതെന്ന് ഞാൻ അത്ഭുതപ്പെട്ടു.'

'ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വലിയൊരു തുക ജയിച്ചുവെന്ന വിവരം അറിഞ്ഞപ്പോൾ കുറച്ച് നിമിഷത്തേക്ക് നിശബ്ദനായി. തമാശയ്ക്ക് വിളിക്കുന്നതാണോ എന്ന് ഞാൻ അവരോട് ചോദിച്ചു. എങ്കിലും ഭാ​ഗ്യം ലഭിച്ചുവെന്ന് എനിക്ക് അറിയാമായിരുന്നു. അതിനുശേഷം എൻ്റെ ഭാര്യ ഓൺലൈനിൽ പരിശോധിക്കുകയും വിജയിയായി എൻ്റെ പേര് വെബ്സൈറ്റിലുണ്ടെന്ന് അറിയിക്കുകയും ചെയ്തു.'

'മൂന്ന് പേരുമായി സമ്മാനത്തുക പങ്കിടുമ്പോൾ വിബീഷിന് ഏകദേശം 40 ലക്ഷം ദിർഹത്തിൽ താഴെ (ഏകദേശം ഒമ്പത് കോടി രൂപ) ലഭിക്കും. 20 വർഷമായി ഞാൻ യുഎഇയിലുടനീളം വാഹനം ഓടിക്കുന്നു. ഇനി എനിക്ക് ഇന്ത്യയിലേക്ക് മടങ്ങിപ്പോയി അവിടെ സ്ഥിരതാമസമാക്കണം. അതിന് ഈ പണം തീർച്ചയായും സഹായിക്കും,' വിബീഷ് പ്രതീക്ഷ പ്രകടിപ്പിച്ചു.

Content Highlights:

dot image
To advertise here,contact us
dot image