

അബുദാബി: ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ രാജ്യം പൂര്‍ണ്ണ സജ്ജമെന്ന് യുഎഇ ഭരണകൂടം. എത്രനാള്‍ ആക്രമണം തുടര്‍ന്നാലും അത് നേരിടാനുള്ള ശേഷിയും കരുത്തും രാജ്യത്തിനുണ്ടെന്ന് യുഎഇ പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ അബ്ദുല്‍ നാസര്‍ മുഹമ്മദ് അല്‍ ഹുമെയ്ദി പറഞ്ഞു. മേഖലയിലെ സുരക്ഷ ഉറപ്പാക്കാന്‍ മറ്റ് രാജ്യങ്ങളുടെ ഏകോപനത്തോടെ വ്യോമ സുരക്ഷാ നടപടികള്‍ ശക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. ഇറാന്റെ ഡ്രോണുകളെ നേരിടുന്ന ദൃശ്യങ്ങളും യുഎഇ പുറത്തുവിട്ടു.
യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ ഇറാന്‍ വിക്ഷേപിച്ച 812 ഡ്രോണുകളില്‍ 755 എണ്ണവും യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകര്‍ത്തു. ഇറാന്‍ തൊടുത്ത 186 ബാലിസ്റ്റിക് മിസൈലുകളില്‍ 172 എണ്ണവും തകര്‍ക്കാന്‍ കഴിഞ്ഞതായും എട്ട് ക്രൂയിസ് മിസൈലുകള്‍ പ്രതിരോധിച്ചതായും യുഎഇ പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ അബ്ദുല്‍ നാസര്‍ മുഹമ്മദ് അല്‍ ഹുമെയ്ദി പറഞ്ഞു.
ഡ്രോണുകള്‍ നിര്‍വീര്യമാക്കിയപ്പോള്‍ ഉണ്ടായ അവശിഷ്ടങ്ങള്‍ പതിച്ചാണ് നാഷനഷ്ടങ്ങളും പരിക്കുകളും ഉണ്ടായത്. സുരക്ഷ ഉറപ്പാക്കാന്‍ 3200 കവചിത വാഹനങ്ങളും 4100 അതിവേഗ സേനാ വാഹനങ്ങളും രാജ്യത്തുടനീളം വിന്യസിച്ചു. ഊര്‍ജം, വെള്ളം, ഗതാഗതം, ആരോഗ്യം തുടങ്ങിയ അവശ്യ സേവനങ്ങള്‍ സാധാരണ നിലയിലാണെന്നും വിപണിയില്‍ നാല് മുതല്‍ ആറ് മാസത്തേക്കുള്ള ഭക്ഷ്യശേഖരം ഉറപ്പാക്കിയിട്ടുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്കായി വരും ദിവസങ്ങളില്‍ 80-ലധികം പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തി 27,000 പേരെ ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിവരുന്നു.
യുഎഇയില്‍ കുടുങ്ങിയ സന്ദര്‍ശകരുടെയും ട്രാന്‍സിറ്റ് യാത്രക്കാരുടെയും ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും എയര്‍ലൈനുകളുടെ നിര്‍ദ്ദേശമില്ലാതെ ആരും വിമാനത്താവളങ്ങളിലേക്ക് എത്തരുതെന്നും മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി പറഞ്ഞു. യുഎഇയില്‍ അധിവസിക്കുന്ന 150-ലധികം രാജ്യക്കാര്‍ക്ക് ഇവിടം സുരക്ഷിതമായ ഭവനമായിരിക്കുമെന്നും ഔദ്യോഗിക വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി. പ്രതിരോധ സജ്ജീകരണങ്ങള്‍ അതീവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. സ്വദേശികളും വിദേശികളും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ രാജ്യം സന്നദ്ധമാണെന്നും അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Content Highlights: The UAE government has announced full preparedness to defend against any potential attacks from Iran, highlighting enhanced security measures and military readiness to protect the nation.