

പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യത്തെ തുടർന്ന് യുഎഇ വിപണിയിൽ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ. വിപണിയിലെ സാധനങ്ങളുടെ വില നിരന്തരമായി നിരീക്ഷിക്കാൻ യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രാലയം നടപ്പിലാക്കിയ ഡിജിറ്റൽ വില നിയന്ത്രണ സംവിധാനം ഉപയോഗപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. അനാവശ്യമായ വിലക്കയറ്റം തടയാനും ഉപഭോക്താക്കളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാനും ഈ ഡിജിറ്റൽ സംവിധാനം സഹായിക്കുന്നു. വിപണിയിലെ സുതാര്യത ഉറപ്പാക്കാനും കൃത്രിമമായ വില വർദ്ധനവ് നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും മന്ത്രാലയത്തിന് ഇതിലൂടെ സാധിക്കും.
പ്രധാനമായും ഒമ്പത് ഇനങ്ങളാണ് അവശ്യ വസ്തുക്കളിൽ ഉൾപ്പെടുന്നത്. പാചക എണ്ണ, മുട്ട, പാൽ ഉത്പ്പന്നങ്ങൾ, അരി, പഞ്ചസാര, കോഴിയിറച്ചി, പയറുവർഗ്ഗങ്ങൾ, ബ്രെഡ്, ഗോതമ്പ് എന്നിവയാണ് ഒമ്പത് ഇനങ്ങൾ. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഈ സാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ പാടുള്ളതല്ല.
ഉപഭോക്തൃ സംരക്ഷണ നിയമത്തിനും അതിന്റെ ചട്ടങ്ങൾക്കും അനുസൃതമായി, വില നിയന്ത്രിക്കുന്നതിനും ശരിയായ വാണിജ്യ രീതികൾ ഉറപ്പാക്കുന്നതിനും വിപണിയിൽ ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഇത്തരമൊരു വിലനിർണ്ണയ നയം അവശ്യസാധനങ്ങളുടെ വിതരണവും ഡിമാൻഡും നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ, അസാധാരണമായ സാഹചര്യങ്ങളോ ബാഹ്യ സാമ്പത്തിക മാറ്റങ്ങളോ മൂലമുണ്ടാകുന്ന പെട്ടെന്നുള്ള ആഘാതങ്ങൾ തടയുകയും ചെയ്യുന്നു.
വിലവർദ്ധനവോ മറ്റ് നിയമലംഘനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ യുഎഇയിലെ താമസക്കാർക്ക് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ, 8001222 എന്ന നമ്പറിൽ വിളിച്ചോ, അല്ലെങ്കിൽ [email protected] എന്ന ഇമെയിൽ വിലാസം വഴിയോ പരാതി നൽകാവുന്നതാണ്. നേരത്തെ, മാർച്ച് ഒന്നിന് പുറത്തിറക്കിയ അറിയിപ്പിൽ, രാജ്യത്ത് അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ ആവശ്യത്തിന് ലഭ്യമാണെന്ന് അധികൃതർ താമസക്കാർക്ക് ഉറപ്പുനൽകിയിരുന്നു. നിലവിൽ വിതരണ തടസ്സങ്ങളോ ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കളുടെ ദൗർലഭ്യമോ ഇല്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.
Content Highlights: The UAE has issued a stern warning to commercial establishments involved in artificial price hikes, stating that strict legal action will be taken against those manipulating market prices.