

പശ്ചിമേഷ്യയിൽ തുടരുന്ന പ്രത്യേക സാഹചര്യം പരിഗണിച്ച് ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ 10, 12 ക്ലാസുകളുടെ പരീക്ഷകൾ മാറ്റിവെച്ചു. ഇക്കാര്യം അറിയിച്ചുകൊണ്ട് സിബിഎസ്ഇ ഇന്ന് പുതിയ സർക്കുലർ പുറത്തിറക്കി. മാർച്ച് അഞ്ച്, മാർച്ച് ആറ് തീയതികളിൽ നടക്കാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ എന്നീ ഗൾഫ് രാജ്യങ്ങൾക്കൊപ്പം ഇറാനിലെയും സ്കൂളുകൾക്കാണ് ഈ ഉത്തരവ് ബാധകം.
മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതാണ്. മാർച്ച് ഏഴ് മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ മാർച്ച് അഞ്ചിന് വീണ്ടും സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കും. പരീക്ഷാ സംബന്ധമായ ഏറ്റവും പുതിയ വിവരങ്ങൾക്കായി വിദ്യാർത്ഥികൾ സ്കൂളുകളുമായി നിരന്തരം ബന്ധപ്പെടേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
അതിനിടെ സമൂഹമാധ്യമങ്ങളിൽ പരീക്ഷകൾ റദ്ദാക്കിയതായും മറ്റും വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലോ (www.cbse.gov.in) സ്കൂൾ അധികൃതരിൽ നിന്നോ ലഭിക്കുന്ന വിവരങ്ങൾ മാത്രമെ വിശ്വസിക്കാവുവെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ കഴിഞ്ഞ വാരാന്ത്യത്തിൽ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളെത്തുടർന്ന് മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥ കണക്കിലെടുത്താണ് പരീക്ഷകൾ മാറ്റിവെക്കാനുള്ള ഈ തീരുമാനം ഉണ്ടായിരിക്കുന്നത്.
Content Highlights: CBSE examinations scheduled in Gulf countries have been postponed, authorities confirmed. The revised dates will be announced later, leaving students and parents awaiting further official communication.