ഡെലിവറി റൈഡർമാർക്കായി ബോധവത്ക്കരണം; ക്യാമ്പയ്നുമായി ദുബായ് പൊലീസ്

ഇത്തരം പദ്ധതികൾ അപകടങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു

ഡെലിവറി റൈഡർമാർക്കായി ബോധവത്ക്കരണം; ക്യാമ്പയ്നുമായി ദുബായ് പൊലീസ്
dot image

ദുബായിൽ ഡെലിവറി റൈഡർമാർക്കായി ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ച് ദുബായ് പൊലീസ്. നിങ്ങളുടെ ജീവൻ വിലപ്പെട്ടതാണ്, നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യം" എന്ന പേരിലാണ് ട്രാഫിക് സുരക്ഷാ കാമ്പയിൻ ആരംഭിച്ചത്. റൈഡർമാർക്കിടയിൽ ട്രാഫിക് അവബോധം വർദ്ധിപ്പിക്കുക, റോഡ് നിയമങ്ങൾ പാലിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ദുബായ് നഗരത്തെ കൂടുതൽ സുരക്ഷിതമാക്കുക എന്ന പൊലീസിന്റെ തന്ത്രപരമായ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതാണ് ഈ നീക്കം.

ഡെലിവറി റൈഡർമാരുൾപ്പെടെയുള്ള എല്ലാ റോഡ് ഉപയോക്താക്കൾക്കിടയിലും ട്രാഫിക് അവബോധം ശക്തമാക്കുന്നതിനുള്ള ദുബായ് പോലീസിന്റെ പ്രതിജ്ഞാബദ്ധത കേണൽ അൽ ബെദ്‌വാവി വീണ്ടും ഉറപ്പിച്ചു. നീണ്ട മണിക്കൂറുകൾ റോഡിൽ ചെലവഴിക്കേണ്ടി വരുന്നവരാണ് ഇവരെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തരം പദ്ധതികൾ അപകടങ്ങൾ കുറയ്ക്കുന്നതിനും ട്രാഫിക് അപകടങ്ങൾ മൂലമുള്ള മരണനിരക്കും പരിക്കുകളും കുറയ്ക്കുക എന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും നേരിട്ട് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഹനമോടിക്കുമ്പോഴുള്ള ശ്രദ്ധക്കുറവ്, അമിതവേഗത തുടങ്ങിയ അപകടങ്ങളുടെ പ്രധാന കാരണങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസുകളിൽ വിശദീകരിച്ചതായി അദ്ദേഹം പറഞ്ഞു. കൂടാതെ, വാഹനങ്ങൾക്കിടയിലൂടെ നൂഴ്ന്നിറങ്ങുക, ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിൽ കൂട്ടമായി ബൈക്ക് ഓടിക്കുക, പെട്ടെന്നുള്ള വെട്ടിക്കലുകൾ, പെട്ടെന്ന് ലെയ്ൻ മാറുക തുടങ്ങിയ സുരക്ഷിതമല്ലാത്ത പ്രവണതകളെക്കുറിച്ചും പ്രത്യേകിച്ച് ഇടറോഡുകളിലെ ഇത്തരം രീതികളെക്കുറിച്ചും ക്ലാസുകളിൽ മുന്നറിയിപ്പ് നൽകി.

ചടങ്ങിന്റെ സമാപനത്തിൽ, ട്രാഫിക് സുരക്ഷാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ബോധവൽക്കരണ കാമ്പയിനുകൾ തുടരേണ്ടതിന്റെയും ഡെലിവറി കമ്പനികളുമായുള്ള സഹകരണം ശക്തമാക്കേണ്ടതിന്റെയും പ്രാധാന്യം കേണൽ അൽ ബെദ്‌വാവി ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി റോഡുകളെ കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമാക്കാനുള്ള ദുബായ് പൊലീസിന്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു.

Content Highlights: Dubai Police launches an awareness campaign for delivery riders, focusing on road safety, traffic compliance and accident prevention across the emirate.

dot image
To advertise here,contact us
dot image