

ദുബായില്‍ ഡ്രൈവിങ് ലൈസന്‍സ് മാറ്റവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ദുബായ് പൊലീസ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഏത് ഡ്രൈവിംഗ് ലൈസന്‍സും ഇനി നേരിട്ട് യുഎഇ ലൈസന്‍സിലേക്ക് മാറ്റാമെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ഇത്തരം സോഷ്യല്‍ മീഡിയ പോസ്റ്റുകളെ വിശ്വസനീയമായ ഉറവിടങ്ങളായി കണക്കാക്കരുതെന്നും ആധികാരിക വിവരങ്ങള്‍ക്കായി ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ട് ദിവസമായി പ്രവാസികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്ക് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധമില്ലെന്ന് വ്യക്തമാക്കുകയാണ് ദുബായ് പൊലീസ്. മറ്റ് രാജ്യങ്ങളിലെ ലൈസന്‍സ് യുഎഇ ലൈസന്‍സിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും സര്‍ക്കുലറുകളോ ഉത്തരവുകളോ പുറപ്പെടുവിച്ചിട്ടുമില്ല. ഇത്തരം വാര്‍ത്തകള്‍ സമൂഹമാധ്യങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന് മുമ്പ് അതിന്റ ആധികാരികത പരിശോധിക്കണമെന്ന് ദുബായ് പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
സ്ഥിരീകരിക്കാത്ത സോഷ്യല്‍ മീഡിയ പോസ്റ്റുകളെ വിശ്വസനീയമായ ഉറവിടങ്ങളായി കണക്കാക്കരുത്. ആധികാരിക വിവരങ്ങള്‍ക്കായി ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളെ മാത്രം ആശ്രയിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ദുബായ് പൊലിസിന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍, ട്രാഫിക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, 'പൊലിസ് ഐ' തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങള്‍ ഏത് സമയത്തും ജനങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്.
തെറ്റായ സന്ദേശങ്ങള്‍ക്ക് പിന്നാലെ പോകുന്നത് ഒഴിവാക്കാന്‍ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകള്‍ സഹായിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. യുഎഇ നിയമപ്രകാരം ഓണ്‍ലൈന്‍ വഴിയുള്ള വ്യാജവാര്‍ത്താ പ്രചാരണം ഗുരുതരമായ കുറ്റമാണ്. സമൂഹമാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ മാത്രമല്ല പ്രചരിപ്പിക്കുന്നവരും നിയമ നടപടി നേരിടേണ്ടി വരും. സോഷ്യല്‍ മീഡിയ വഴി സന്ദേശങ്ങള്‍ പങ്കുവെക്കുമ്പോള്‍ അവയുടെ സത്യാവസ്ഥ ഉറപ്പുവരുത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ദുബായ് പൊലീസ് ആവശ്യപ്പെട്ടു.
Content Highlights: Dubai Police has issued a warning about fake news circulating on social media regarding changes to driving license regulations. The authorities have confirmed that there are no changes to the existing rules, and residents should only rely on official channels for verified traffic updates.