റമദാന്‍ മാസത്തില്‍ വാഹനയാത്രികർ ജാ​ഗ്രത പാലിക്കണം; റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ അബുദാബി പൊലീസ്

ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകുന്നേരം നാല് മണി വരെയുള്ള സമയത്താണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ക്ക് സാധ്യത

റമദാന്‍ മാസത്തില്‍ വാഹനയാത്രികർ ജാ​ഗ്രത പാലിക്കണം; റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ അബുദാബി പൊലീസ്
dot image

റമദാന്‍ മാസത്തില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിക്കാനുളള സാധ്യത കണക്കിലെടുത്ത് വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി അബുദാബി പൊലീസ്. ഇഫ്താര്‍ സമയത്തിന് മുന്‍പ് വീട്ടിലെത്താനുള്ള തിരക്കില്‍ അമിതവേഗത ഒഴിവാക്കണമെന്നും ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പൊലീസ് ഓര്‍മിപ്പിച്ചു. ഷാര്‍ജ പൊലീസും കഴിഞ്ഞ ദിവസം ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇഫ്താര്‍ സമയത്തിന് മുന്‍പ് വീട്ടിലെത്താനുള്ള തിരക്കില്‍ അമിത വേഗതയില്‍ വാഹനം ഓടിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിവക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് അബുദാബി പൊലീസ്. മുന്‍ വര്‍ഷം റമദാന്‍ കാലത്ത് അപകടങ്ങള്‍ വര്‍ദ്ധിച്ചതായി കണ്ടെത്തിയ സാഹതര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകുന്നേരം നാല് മണി വരെയുള്ള സമയത്താണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ക്ക് സാധ്യത.

കഴിഞ്ഞ വര്‍ഷം 43 ശതമാനം അപകടങ്ങളും ഉച്ചയ്ക്കും വൈകുന്നേരം ആറ് മണിക്കും ഇടയിലാണ് ഉണ്ടായെതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ട്രാഫിക് നിയമങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായി 'നമ്മുടെ അനുസരണയുടെയും സുരക്ഷയുടെയും മാസം' എന്ന പേരില്‍ പ്രത്യേക ക്യാമ്പയിനും അബുദാബി പൊലീസ് തുടക്കം കുറിച്ചു.

നിങ്ങള്‍ സുരക്ഷിതമായി എത്താന്‍ പ്രിയപ്പെട്ടവര്‍ വീട്ടില്‍ കാത്തിരിക്കുന്നുണ്ടെന്ന കാര്യം മറക്കരുതെന്ന് പൊലീസ് ഓര്‍മിപ്പിച്ചു. നോമ്പ് കാലത്തെ ക്ഷീണവും ഉറക്കക്കുറവും ഡ്രൈവിംഗിനെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. സ്വന്തം സുരക്ഷക്കൊപ്പം മറ്റ് യാത്രക്കാരുടെ സുരക്ഷയും പ്രധാനമാണ്.

നിശ്ചിത വേഗപരിധി ലംഘിക്കരുതെന്നും അബുദബി പൊലിസ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി വിവിധ റോഡുകളില്‍ നിരീക്ഷവും ശക്തമാക്കിയിട്ടുണ്ട്. ഗതാഗത നിയമ ലംഘകരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഷാര്‍ജ പൊലീസും കഴിഞ്ഞ ദിവസം സമാനമായ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.

Content Highlights:

dot image
To advertise here,contact us
dot image