

യുഎഇയില്‍ റമദാന്‍ കാലത്ത് ഓണ്‍ലൈന്‍ ഭിക്ഷാടന നടത്തി തട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ സജീവമാകുന്നതായി കണ്ടെത്തല്‍. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മിക്കുന്ന ഹൃദയഭേദകകമായ ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ചാണ് പൊതുജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമം നടക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അംഗീകൃത ഏജന്‍സികള്‍ വഴി മാത്രമെ സംഭാവനകള്‍ കൈമാറാവൂ എന്നും അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
വിശുദ്ധ റമദാന്‍ മാസം ആരംഭിച്ചതോടെ യുഎഇയില്‍ തട്ടിപ്പു സംഘങ്ങളും സജീവമാവുകയാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ പ്രചരിപ്പിച്ച് സഹായം അഭ്യര്‍ത്ഥിക്കുന്ന പുതിയ രീതി സജീവമാകുന്നതായാണ് കണ്ടെത്തല്‍. വ്യാജ ചികിത്സാ രേഖകളും ഹൃദയഭേദകമായ ചിത്രങ്ങളുമാണ് തട്ടിപ്പുകള്‍ ഇതിനായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ആശുപത്രി കിടക്കയില്‍ കിടക്കുന്ന അവശരായ വൃദ്ധകള്‍, മെഡിക്കല്‍ ഉപകരണങ്ങളോട് ബന്ധിപ്പിച്ചിരിക്കുന്ന കുട്ടികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇത്തരം വ്യാജ ചിത്രങ്ങള്‍ നിര്‍മിക്കുന്നത്. ആശുപത്രി ബില്ലുകള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ എന്നിയും ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്. സഹായത്തിനായി യാചിക്കുന്ന തരത്തിലുള്ള ശബ്ദ സന്ദേശങ്ങളും തട്ടിപ്പിനായി ഉപയോഗിക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
തെരുവുകളിലെ യാചന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയതായും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പൊതുജനങ്ങളുടെ കാരുണ്യത്തെ ചൂഷണം ചെയ്യുന്ന നൂതന യാചനാരീതികളാണ് ഇപ്പോള്‍ കാണുന്നതെന്നും സൈബര്‍ ക്രൈം ബ്രിഗേഡിയര്‍ അലി സലേം വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ വരുന്ന വ്യാജ സഹായ അഭ്യര്‍ത്ഥനകള്‍ അവഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സഹായങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ അംഗീകൃത ചാരിറ്റി സംഘടനകള്‍ വഴി മാത്രമെ അത് കൈമാറന്‍ പാടുള്ളുവെന്നും അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് തട്ടിപ്പ് നടത്തുന്ന കുറ്റവാളികളെ കണ്ടെത്തുന്നതിനുളള ശ്രമങ്ങളും അധികൃതര്‍
കൂടുതല്‍ ശക്തമാക്കി. സൈബര്‍ ക്രൈം യൂണിറ്റുകള്‍ അത്യാധുനിക ഫോറന്‍സിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് ഇത്തരം സന്ദേശങ്ങള്‍ നിരന്തരം നിരീക്ഷിച്ച് വരികയാണ്. ഒരു വ്യാജ ചിത്രം നൂറുകണക്കിന് ആളുകളെ സ്വാധീനിച്ച് വലിയ തുകകള്‍ കൈക്കലാക്കാന്‍ വഴിയൊരുക്കുമെന്നും സൈബര്‍ക്രൈം വിഭാഗം ചൂണ്ടിക്കാട്ടി.
Content Highlights: UAE authorities warn residents of sophisticated begging and online e-begging scams exploiting Ramadan’s charitable spirit, with AI-generated appeals and organised gangs prompting calls to donate only through licensed charities and report suspicious activity