

അനാഥരായ കുട്ടികള്‍ക്ക് സഹായവുമായി അബുദാബി. ഇതിന്റെ ഭാഗമായി മദര്‍ ഓഫ് ദി നേഷന്‍ എന്‍ഡോവ്മെന്റ് പദ്ധതിക്ക് തുടക്കം കുറിച്ചു. എന്‍ഡോവ്മെന്റ്സ് ആന്‍ഡ് മൈനേഴ്സ് ഫണ്ട്‌സ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അനാഥരായ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കി സാമൂഹിക ഐക്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് 'മദര്‍ ഓഫ് ദി നേഷന്‍' എന്ന പേരില്‍ എന്‍ഡോവ്മെന്റ് കാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്.
അനാഥരുടെ പരിചരണത്തിനായി സുസ്ഥിരമായ ഒരു ധനസഹായ സ്രോതസ്സ് ഇതിലൂടെ കണ്ടെത്തുമെന്ന് എന്‍ഡോവ്മെന്റ്സ് ആന്‍ഡ് മൈനേഴ്സ് ഫണ്ട്‌സ് അതോറിറ്റി വ്യക്തമാക്കി. ഈ തുക ഉപയോഗിച്ച് കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മെച്ചപ്പെടുത്താനാകും.
സഹിഷ്ണുതയിലും ദാനധര്‍മ്മത്തിലും അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാനും ഇതിലൂടെ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. യുഎഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ മാനുഷിക മൂല്യങ്ങളില്‍ ഊന്നിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. രാഷ്ട്ര മാതാവായ ശൈഖ ഫാത്തിമ ബിന്‍ത് മുബാറക് മുന്നോട്ടുവെച്ച തത്വങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ഡോവ്മെന്റ് പദ്ധതിയിലേക്ക് സഭാവന നല്‍കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി ഔഖാഫിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
എന്‍ഡോവ്മെന്റ്സ് ആന്‍ഡ് മൈനേഴ്സ് ഫണ്ട്‌സ് അതോറിറ്റി നേരത്തെ നടത്തിയിട്ടുള്ള കാമ്പയിനുകള്‍ക്ക് ജനങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. കമ്മ്യൂണിറ്റി വര്‍ഷത്തില്‍ നടത്തിയ പ്രത്യേക ക്യാമ്പയിനിലൂടെ നാലാഴ്ചയ്ക്കുള്ളില്‍ ഏകദേശം ഒരു ബില്യണ്‍ ദിര്‍ഹം സമാഹരിക്കാനും കഴിഞ്ഞിരുന്നു. രണ്ട് ലക്ഷത്തിലധികം ആളുകളാണ് അന്ന് ക്യാമ്പയിന്റെ ഭാഗമായത്.
Content Highlights: Abu Dhabi launched the ‘Mother of the Nation’ project. The initiative focuses on supporting orphaned children. The programme aims to provide care, education and social assistance.