

യുഎഇയില്‍ വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് കാരണം ജോലിസ്ഥലങ്ങള്‍ക്ക് സമീപം വീടുകള്‍ വാങ്ങുകയും വാടകയ്ക്ക് എടുക്കുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. സ്‌കൂളുകളും ഷോപ്പിംഗ് മാളുകളും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കൂടി പരിഗണിച്ചാണ് പലരും താമസസ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നത്. ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷ നേടുന്നതിനായി ഉയര്‍ന്ന വാടക നല്‍കാനും പലരും തയ്യാറാകുന്നതായി റിയല്‍ എസ്റ്റേറ്റ് മേഖയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
ദുബായ് ഉള്‍പ്പെടെയുള്ള വിവിധ എമിറേറ്റുകളില്‍ രാവിലെയും വൈകുന്നേരവും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടാറുള്ളത്. പലപ്പോഴും മണിക്കൂറുകളോളം റോഡില്‍ അകപ്പെടുന്ന സാഹചര്യവും പതിവാണ്. ഈ പശ്ചാത്തലത്തിലാണ് യുഎഇയില താമസക്കാര്‍ ജോലി സ്ഥലങ്ങള്‍ക്ക് സമീപത്തുളള സ്ഥലങ്ങളില്‍ ഫ്‌ളാറ്റുകള്‍ വാങ്ങാനും വാടകക്ക് എടുക്കാനും താല്‍പ്പര്യം കാണിക്കുന്നത്. സ്‌കൂളുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ കൂടി പരിഗണിച്ചാണ് പലരും താമസ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നത്. ഇത്തരം താമസ സ്ഥലങ്ങള്‍ക്ക് ഉയര്‍ന്ന നില നല്‍കാനും പലരും തയ്യാറാകുന്നു. ഇതിലൂടെ ജോലിയിലെ ഉത്പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കാനും യാത്രാ സമയം വലിയ തോതില്‍ ലാഭിക്കാനും കഴിയുമെന്ന് മലയാളികള്‍ ഉള്‍പ്പെടെയുളള പ്രവാസികള്‍ പറയുന്നു.
ജോലിസ്ഥലത്തേക്ക് മണിക്കൂറുകള്‍ എടുത്ത് യാത്ര ചെയ്യേണ്ടിവരുന്നത് തൊഴിലാളികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ചൂണ്ടികാട്ടുന്നു. ഇന്റക്‌സ് ഗ്ലോബല്‍ ട്രാഫിക് റിപ്പോര്‍ട്ട് പ്രകാരം ദുബായിക്കും വടക്കന്‍ എമിറേറ്റുകള്‍ക്കും ഇടയിലുള്ള യാത്രക്കാര്‍ക്ക്, ഗതാഗതക്കുരുക്ക് കാരണം പ്രതിവര്‍ഷം ഏകദേശം 460 മണിക്കൂര്‍ നഷ്ടപ്പെടുന്നു. ഇത് 60 പ്രവൃത്തി ദിവസങ്ങള്‍ക്ക് തുല്യമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 10 കിലോമീറ്റര്‍ ഡ്രൈവിനുള്ള ശരാശരി യാത്രാ സമയം 2024 ല്‍ 13.7 മിനിറ്റില്‍ നിന്ന് 19.1 മിനിറ്റായി ഉയര്‍ന്നു.
വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയും വാഹനപ്പെരുപ്പവുമാണ് മികച്ച ഗതാഗത സംവിധാനങ്ങള്‍ ഉണ്ടായിട്ടും യുഎഇയില്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. മാറി വരുന്ന സാഹചര്യം പരിഗണിച്ച് ഗതാഗത മേഖലയില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. പുതിയ റോഡുകള്‍, പാലങ്ങള്‍, ആത്യാധുനിക യാത്രാസൗകര്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
Content Highlights: In the UAE, there's a growing trend of people choosing to live closer to their workplaces due to increasing traffic congestion. According to recent reports, drivers in Dubai spent more time on the roads in 2025, with the average travel time for a 10-kilometer drive rising to 19.1 minutes, up from 13.7 minutes in 2024