

ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദുബായ് വിമാനത്താവളത്തില്‍ എത്തിയ ആകെ യാത്രക്കാരുടെ എണ്ണത്തിലും ഇന്ത്യക്കാര്‍ തന്നെയാണ് മുന്നില്‍. ദുബായ് വിമാനത്താവളത്തിന്റെ വളര്‍ച്ചയില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ നിര്‍ണായക പങ്കു വഹിക്കുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
യാത്രക്കാരുടെ എണ്ണത്തില്‍ ദുബായ് വിമാനത്താവളം തുടർച്ചയായി റെക്കോര്‍ഡ് നേട്ടം കൈവരിക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരാണ് ഈ നേട്ടത്തിന് കരുത്ത് പകരുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2025-ല്‍ ദുബായ് വിമാനത്താവളം വഴി കടന്നുപോയത് 9.52 കോടി യാത്രക്കാരായിരുന്നു. ഇതില്‍ 1.19 കോടി ആളുകളും ഇന്ത്യയില്‍ നിന്നുള്ളവരാണ്. വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന യാത്രാ നിരക്ക് രേഖപ്പെടുത്തിയ വര്‍ഷം കൂടിയാണ് കടന്നു പോയത്.
2024-നെ അപേക്ഷിച്ച് മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ 3.1 ശതമാനം വര്‍ധനവാണുണ്ടായത്. ലോകത്ത് ഒരു വിമാനത്താവളം കൈവരിക്കുന്ന ഏറ്റവും ഉയര്‍ന്ന രാജ്യാന്തര യാത്രാ ട്രാഫിക് എന്ന റെക്കോര്‍ഡും ഇതോടെ ദുബായ് സ്വന്തമാക്കി. ഇന്ത്യ കഴിഞ്ഞാല്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ദുബായിലേക്ക് എത്തിയത് സൗദി അറേബ്യയില്‍ നിന്നാണ്. 75 ലക്ഷമാണ് സൗദിയില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം. 63 ലക്ഷം യാത്രക്കാരുമായി യുകെ, 43 ലക്ഷം യാത്രക്കാരുമായി പാകിസ്താൻ, 33 ലക്ഷം യാത്രക്കാരുമായി അമേരിക്ക എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുള്ളത്.
തിരക്കേറിയ നഗരങ്ങളുടെ പട്ടികയില്‍ ലണ്ടനും റിയാദുമാണ് മുന്നില്‍. ദില്ലി, മുംബൈ എന്നീ നഗരങ്ങളും ആദ്യ സ്ഥാനങ്ങളിലുണ്ട്. മുംബൈയില്‍ നിന്നും ജിദ്ദയില്‍ നിന്നും 24 ലക്ഷത്തിലധികം യാത്രക്കാര്‍ വീതമാണ് ദുബായിലെത്തിയത്. ഡല്‍ഹിയില്‍ നിന്ന് 22 ലക്ഷം യാത്രക്കാരും കഴിഞ്ഞ വര്‍ഷം ദുബായിലേക്ക് യാത്ര ചെയ്തു. നിലവില്‍ 110 രാജ്യങ്ങളിലെ 291 നഗരങ്ങളിലേക്ക് ദുബായില്‍ നിന്ന് വിമാന സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.
Content Highlights: