ഗാർഹിക തൊഴിലാളികളെ ആവശ്യമുണ്ടെന്ന് വ്യാജ പരസ്യം; മുന്നറിയിപ്പുമായി ദുബായ് പൊലീസ്

ആകര്‍ഷകമായ ശമ്പളം ഉള്‍പ്പെടെയുള്ള വാദ്ഗാനങ്ങളും ഇത്തരക്കാര്‍ നല്‍കുന്നു

ഗാർഹിക തൊഴിലാളികളെ ആവശ്യമുണ്ടെന്ന് വ്യാജ പരസ്യം; മുന്നറിയിപ്പുമായി ദുബായ് പൊലീസ്
dot image

ദുബായില്‍ ഗാര്‍ഹിക തൊഴിലാളികളെ ആവശ്യമുണ്ടെന്ന തരത്തില്‍ വ്യാജ പരസ്യങ്ങള്‍ പ്രചരിക്കുന്നതായി കണ്ടെത്തല്‍. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്ന ഇത്തര പരസ്യങ്ങള്‍ക്കെതിരെ ജാഗ്രത പലിക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി. വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികളാണ് ഗാര്‍ഹിക തൊഴിലാളികളെ ആവശ്യമുണ്ടെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്.

ആകര്‍ഷകമായ ശമ്പളം ഉള്‍പ്പെടെയുള്ള വാദ്ഗാനങ്ങളും ഇത്തരക്കാര്‍ നല്‍കുന്നു. സോഷ്യല്‍ മീഡിയയിലെ പരസ്യം കണ്ട് ഒരു വ്യാജ റിക്രൂട്ട്മെന്റ് ഓഫീസിനെ സമീപിച്ച യുവതിക്ക് 10,000 ദിര്‍ഹം നഷ്ടമായതിന് പിന്നാലെയാണ് ദുബായ് പൊലീസ് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. ആകര്‍ഷകമായ ഓഫറുകളുമായി എത്തുന്ന പല പരസ്യങ്ങളും വ്യാജമാണെന്ന് പൊലീസ് ഓര്‍മിപ്പിച്ചു.

ജോലിക്കായി സമീപിക്കുന്നവരില്‍ നിന്ന് സര്‍വീസ് ചാര്‍ജ് എന്ന നിലയില്‍ പണം സ്വന്തമാക്കുകയും പിന്നീട് മുങ്ങുകയും ചെയ്യുന്നതാണ് ഇത്തരക്കാരുടെ രീതി. തട്ടിപ്പ് സംഘവുമായി പിന്നീട് ഇരകള്‍ക്ക് ഒരു തരത്തിലും ബന്ധപ്പെടാന്‍ കഴിയാതെ വരികയും ചെയ്യും. ഇത്തരം പരസ്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അല്ലാത്തപക്ഷം പണം നഷ്ടമാകാന്‍ കാരണമാകുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന വ്യാജ പരസ്യങ്ങളോട് പ്രതികരിക്കരുത്. അഞ്ജാത ലിങ്കുകളിലും മെസേജുകളിലും ക്ലിക്ക് ചെയ്യുന്നതും ഒഴിവാക്കണം. ജോലിക്കായി സമീപിക്കുമ്പോള്‍ അംഗീകൃത ഏജന്‍സിയാണെന്ന് ഉറപ്പാകണമെന്നും പൊലീസ് വ്യക്തമാക്കി. സംശയാസ്പദമായ ഓഫറുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം പോലീസിനെ അറിയക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

ദുബായ് പൊലീസിന്റെ സ്മാര്‍ട്ട് ആപ്പ്, ഇ-ക്രൈം പ്ലാറ്റ്ഫോം എന്നിവ വഴി പരാതികള്‍ അറിയക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 901 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴിയും വിവരങ്ങള്‍ കൈമാറാനാകും. ഗാര്‍ഹിക തൊഴിലാളികളെ ആവശ്യമുള്ളവര്‍ ഔദ്യോഗിക ഏജന്‍സികളെ മാത്രം സമീപിക്കണമെന്ന് പൊതുജനങ്ങളോടും പൊലീസ് അഭ്യര്‍ത്ഥിച്ചു.

Content Highlights: Dubai Police issued a warning about a fake advertisement seeking domestic workers, urging the public to be cautious of such scams.

dot image
To advertise here,contact us
dot image