

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ശ്രീകാര്യം സ്വദേശി 'കിങ്ങിണി' എന്ന അതുലിനെ (27) പൊലീസ് സാഹസികമായി പിടികൂടി. മണ്ണന്തല പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കണ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. മൂന്നു മാസത്തിലധികമായി ഒളിവിൽ കഴിയുകയായിരുന്നു അതുൽ. വിവിധ പൊലീസ് സ്റ്റേഷനുകളിലായി എട്ടിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
ഊബർ ഡ്രൈവറെ മർദ്ദിച്ച് പണം കവർന്ന കേസിലാണ് നിലവിലെ അറസ്റ്റ്. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം. ഊബർ ഡ്രൈവറെ അതുൽ വിളിച്ചുവരുത്തി മർദ്ദിച്ച് 6000 രൂപ തട്ടിയെടുത്തിരുന്നു. പത്തംഗ സംഘമായിരുന്നു ഡ്രൈവറെ മർദ്ദിച്ചത്. സംഘത്തിന്‍റെ തലവനായിരുന്നു അതുല്‍. ഈ കേസിലെ അന്വേഷണത്തിനിടെയാണ് പ്രതി ഒളിവിലായത്.
മണ്ണന്തല പൊലീസ് സംഘം രഹസ്യാന്വേഷണം നടത്തി പ്രതി ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങൾ നിരീക്ഷിച്ച് വരികയായിരുന്നു. ഒടുവിൽ കൃത്യമായ നീക്കത്തിന് ഒടുവില്‍ അതുലിന്‍റെ ഒളിസങ്കേതം തിരിച്ചറിഞ്ഞു. ഒളിവില്‍ കഴിയുന്ന വീടിന്‍റെ വാതില്‍ പൊളിച്ച് അകത്ത് കയറിയാണ് പ്രതിയെ പിടികൂടിയത്. അതുലിനെതിരെ മോഷണം, കവർച്ച, മർദ്ദനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ഉൾപ്പെടുന്ന നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Content Highlights: Police have arrested Atul, also known as Kingini, who is accused in several criminal cases.